ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്റെ അസാന്നിധ്യത്തില്‍ സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഡല്‍ഹി മുഖ്യമ്രന്തി അരവിന്ദ് കെജ്രിവാളിന്റെ നടപടി വിവാദത്തില്‍. തിങ്കളാഴ്ചയാണു പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരുടെ യോഗം കെജ്രിവാള്‍ വിളിച്ചുകൂട്ടിയത്.
ചീഫ് സെക്രട്ടറി, ഊര്‍ജവകുപ്പ് സെക്രട്ടറി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ റിമോട്ട് കോണ്‍ട്രോള്‍ ഭരണമാണ് നടക്കുന്നതെന്നും ഇത് സ്വയംഭരണാവകാശത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു.വിഷയത്തില്‍ കെജ്രിവാളും മുഖ്യമന്ത്രി ഭഗവന്ത്മാനും മറുപടി പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിലൂടെ മുഖ്യമന്ത്രി ഭഗവന്ത്മാന്‍ വെറും റബ്ബര്‍ സ്റ്റാമ്പാണെന്ന് തെളിയിച്ചിരിക്കുകയാണ്. കെജ്രിവാള്‍ പഞ്ചാബിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണെന്നും ഇത് പ്രതീക്ഷച്ചതാണെന്നും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് പ്രതികരിച്ചു.അതേസമയം, വിഷയത്തില്‍ കെജ്രിവാള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പഞ്ചാബിന്റെ വളര്‍ച്ചയ്ക്കായി എന്തുചെയ്യാനാവുമെന്ന് ചര്‍ച്ചചെയ്യാന്‍ ഉദ്യോഗസ്ഥരെ വിളിച്ചതായിരുന്നു.ഇത് അനൗദ്യോഗിക കൂടിക്കാഴ്ചയായിരുന്നുവെന്നും എ.എ.പി വക്താവ് മല്‍വിന്ദര്‍ സിങ് പറഞ്ഞു. എതിര്‍ക്കുന്നതിന് പകരം പ്രതിപക്ഷം ഇതിനെ പിന്തുണയ്ക്കുകയാണ് വേണ്ടത്. എ.എ.പിയുടെ ദേശീയ കണ്‍വീനറായ കെജ്രിവാളിനോട് തങ്ങള്‍ ഉപദേശം തേടാറുണ്ടെന്നും ഇതു പഞ്ചാബിന്റെ നന്മയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

