കോഴിക്കോട് : കോഴിക്കോട് മലയോര പ്രദേശങ്ങളില്‍ കനത്തനാശം വിതച്ച് വേനല്‍മഴ. കൊടുവളളിയില്‍ വീടിനുമുകളില്‍ തെങ്ങ് വീണ് വീട്ടമ്മക്ക് പരിക്കേറ്റു. കിഴക്കോത്ത് പന്നൂര്‍കണ്ടം പാറക്കല്‍ സൈനബയുടെ വീടാണ് തകര്‍ന്നത്. സൈനബയുടെ മരുമകള്‍ ഷെമീറയ്‌ക്കാണ് പരിക്കേറ്റത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു.
നാദാപുരം ജുമാമസ്‌ജിദിന്റെ മേല്‍ക്കൂര തകര്‍ന്നു. വൈകിട്ട് നാലുമണിയോടെ പെയ്‌ത മഴയിലും കാറ്റിലും പളളിയുടെ മൂന്നാംനിലയിലെ ഓടുകള്‍ പറന്നുപോവുകയായിരുന്നു. വിശ്വസികള്‍ പളളിയില്‍ ഇരിക്കവെയാണ് അപകടം ആര്‍ക്കും പരിക്കില്ല. വിവിധ കടകളുടെ ബോര്‍ഡും കാറ്റില്‍ തകര്‍ന്നു.പേരാമ്പ്ര പാലേരി കന്നാട്ടിയില്‍ ഇടിമിന്നലില്‍ പശുവും കുട്ടിയും ചത്തു. നടുക്കണ്ടി സേതുവിന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന കറവ പശുവും പത്തുമാസം പ്രയമായ കിടാവുമാണ് ചത്തത്.
കുറ്റിയാടിയില്‍ ശാന്തിനഗറില്‍ ഗര്‍ഭിണിയായ പശു ഇടിമിന്നലേറ്റ് ചത്തു. .ചെറിയമുങ്ങിയോടില്‍ അമ്മദിന്റെ വീട്ടില ഏഴുമാസം ഗര്‍ഭിണിയായ പശുവാണ് ചത്തത്. മിന്നലില്‍ കുറ്റിയാടി വലകെട്ടിലെ തയ്യില്‍ വിനോദിന്റെ വീട്ടിലെ വയറിംഗ് പൂര്‍ണമായും കത്തി നശിച്ചു. വീട്ടിലുണ്ടായിരുന്ന വിനോദിന്റെ അമ്മ അത്ഭുതകരമായി രക്ഷപെട്ടു. ചെറുകുന്നിലെ പാലയുളളതില്‍ രാജേഷിന്റെ വീടിനുമുകളില്‍ തെങ്ങ് കടപുഴകി വീണ് വീട് ഭാഗീകമായി തകര്‍ന്നു. കച്ചേരിത്താഴെ പാറഭാഗത്ത് കാരങ്കോട്ട് ചന്ദ്രന്റെ വീടുപറമ്പിലെ തെങ്ങ് ഇടിമിന്നലില്‍ കത്തിനശിച്ചു.
ബാലുശേരിയിലും കുറ്റിയാടിയിലും തലശേരി സംസ്ഥാന പാതയിലെ കല്ലാച്ചി മത്സ്യമാര്‍ക്കറ്റ് പരിസരത്തും വളയം റോഡിലും നിരവധി കടകളിലും വെളളം കയറി. പലചരക്കുസാധനങ്ങള്‍ പലതും നശിച്ചു. കനത്ത മഴയില്‍ കല്ലാച്ചി ടൗണും കുറ്റിയാടി ടൗണും വെളളത്തിനടിയിലായി. വെളളത്തിന്റെ കുത്തൊഴുക്കില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുപതോളം ബൈക്കുകള്‍ മറിഞ്ഞുവീണു. ബാലുശേരി തേനാക്കുഴി ചാലപ്പുറത്ത് പ്രഭാകരന്റെ കരുമല മഠത്തില്‍ വീട്ടിലും വെളളം കയറി കുന്നമംഗലം പുതിയബസ്‌റ്റാന്റിലെ 20 കടകളിലും പഴയ ബസ്‌റ്റാന്റിലെ 4 കടകളിലും വെളളം കയറി.
നിരവധി കൃഷിയടങ്ങളും വേനല്‍ മഴയില്‍ മുങ്ങി. മാവൂര്‍,പളളിയോള്‍, ആമ്പിലേരി, അരയങ്കോട്, കണ്ണപ്പറമ്പ്, കുറ്റിക്കടവ്,ഏറാമല, മുയിപ്ര,ഓര്‍ക്കാട്ടേരി രാമനാട്ടുകര, ഇടിമുഴിക്കല്‍,പേരാമ്പ്ര, കുറ്റിയാടി എന്നിവിടങ്ങളില്‍ വ്യാപക കൃഷിനാശം ഉണ്ടായി പാനൂര്‍ ആരമ്പ്രം, വേളം,വാഴയില്‍ മുക്കില്‍,ഓളടിത്താഴ തുടങ്ങിയ പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണും ഇലക്ട്രിക്ക് പോസറ്റുകള്‍ വീണും ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം തകരാറിലായതോടെ പലപ്രദേശങ്ങളും ഇരുട്ടിലായി.