ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. തുടര്‍ച്ചയായി 11ാം തവണയാണ് റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെയിരിക്കുന്നത്. റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തന്നെ തുടരുമെന്നും റിവേഴ്‌സ് റിപോ നിരക്ക് 3.75 ശതമാനമായി ഉയര്‍ത്തിയതായും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വാണിജ്യ ബേങ്കുകള്‍ക്ക് സെന്‍ട്രല്‍ ബേങ്ക് വായ്പ നല്‍കുന്ന നിരക്കാണ് റിപ്പോ നിരക്ക്. അതേസമയം, വിപണിയിലെ അധിക പണം തിരിച്ചെടുക്കാന്‍ റിസര്‍വ് ബേങ്ക് ഹ്രസ്വകാലത്തേക്ക് ബേങ്കുകളില്‍ നിന്ന് പണം കടമെടുക്കുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ വായ്പാ നയമാണ് റിസര്‍വ് ബേങ്ക് പുറത്തുവിട്ടിരിക്കുന്നത്.2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 7.8 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമാകുമെന്നു പ്രതീക്ഷിക്കുന്നതായും പണപ്പെരുപ്പം 4.5 ശതമാനത്തില്‍ നിന്ന് 5.7 ശതമാനമാകുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.