കൈക്കൂലി വാങ്ങാത്തതിന് മരണശിക്ഷ വിധിച്ച കേസ് എന്താകും ?

കേരളത്തിലെ ആര്‍.ടി. ഓഫീസിലെ കൈക്കൂലി ലോകപ്രസിദ്ധമാണ്. അവിടെ കൈക്കൂലി വാങ്ങാത്തവരുണ്ടെന്ന വിവരം തന്നെ ഞെട്ടിപ്പിക്കുന്നതാണ്. ഇപ്പോള്‍ വയനാട്ടിലെ മാനന്തവാടി ആര്‍.ടി. ആഫീസിലെ കൈക്കൂലി വാങ്ങലിലും പങ്കിടലിലും കൂടാതെ മാറിനിന്നതിന്റെ പേരില്‍ ജീവനക്കാരിയെ ദ്രോഹിച്ച് ദ്രോഹിച്ച് ജീവനൊടുക്കിച്ച സംഭവം ഈ നാടിന്റെ ഗതിയോര്‍ത്ത് പൊട്ടിക്കരയാന്‍ പ്രേരിപ്പിക്കുന്നതാണ്.

സീനിയര്‍ ക്ലര്‍ക്ക് ആയ സിന്ധു (42) ആണ് (2022 ഏപ്രിൽ 9-ാം തിയതി) നിരന്തരമായിരുന്ന അവഹേളനങ്ങളുടെയും ഒറ്റപ്പെടുത്തലിന്റേയും പരിഹാസങ്ങളുടേയും പേരില്‍ മനംനൊന്ത് തൂങ്ങിമരിച്ചത്. ഭിന്നശേഷിക്കാരിയായ സിന്ധുവിനെ കൈക്കൂലി വാങ്ങാത്തതിന്റെ പേരില്‍ മേലുദ്യോഗസ്ഥര്‍ ഉപദ്രവിച്ചിരുന്നു എന്ന് ആത്മഹത്യ കുറുപ്പില്‍ ഉണ്ട്. ഓഫീസിലെ ഉപദ്രവങ്ങള്‍ സഹോദരങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കൈക്കൂലിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ അവരുടെ കാര്യക്ഷമതയെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തിരുന്നത്. സിന്ധുവിന്റെ സഹോദരന്‍ മാനന്തവാടി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

ഉദ്യോഗസ്ഥരെന്ന വര്‍ഗ്ഗം

ചിത്രം ഇതുവരെ ഇങ്ങനെ. ഇനിയെന്താകും? അതെ പറ്റിയാണ് ചര്‍ച്ച ചെയ്യേണ്ടതും മുന്‍കരുതല്‍ എടുക്കേണ്ടതും. സംഭവം നടന്ന സ്ഥലത്തെ പോലീസിലാണ് പരാതി നല്‍കേണ്ടത്. അവര്‍ ആണ് കേസ് എടുക്കേണ്ടതും. ഉദ്യോഗസ്ഥര്‍ എന്ന വിഭാഗം ഒരേ താല്‍പര്യവും ലക്ഷ്യവും ജീവിതവും ഉള്ള ഒരു വര്‍ഗ്ഗമായി സമൂഹത്തില്‍ വളര്‍ന്നു മുറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥ വിഭാഗം എന്ന ലളിതവും മൃദുവുമായ വിശേഷണം കൊണ്ടാണ് സാധാരണ ജനം ഇതിനെ വിശേഷിപ്പിക്കുന്നത്. അത് ജനങ്ങളുടെ ധാരണ കുറവ്. പല്ലും നഖവും പകയുമുള്ള ഒരു ജീവിയെ സങ്കല്‍പ്പിച്ചാല്‍ അതിനെ പോലെ പെരുമാറുന്നതാണ് ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ഹൃദയം. അല്ലെങ്കില്‍ മുഖ്യധാര.

കൈക്കൂലി, ധാര്‍ഷ്ട്യം, ജനങ്ങളോടുള്ള പുച്ഛം, ശ്രേഷ്ഠരായ വര്‍ഗ്ഗമാണെന്ന ഭാവം, സ്വന്തം ജോലിയില്‍ താല്പര്യമില്ലായ്മ, യൂണിയന്‍ – നിക്ക്വരാഗ്വയിലെ പട്ടാള നടപടി തുടങ്ങി കടമകള്‍ മറക്കാന്‍ ഉള്ള ചിന്താപദ്ധതികള്‍, സര്‍ക്കാര്‍ ആഫീസ് സ്വന്തം ആവാസ വ്യവസ്ഥയാണെന്ന വിചാരം, സ്വന്തം ജോലിയെ പറ്റിയോ, നികുതി പണത്തെയോ ഓര്‍മിപ്പിക്കുന്നവരെ കൊല്ലാനുള്ള ദാഹം, സ്വന്തം ഇഷ്ടമനുസരിച്ച് തോന്നുമ്പോള്‍ മാത്രമേ ജോലി ചെയ്യൂ എന്ന ശാഠ്യം, വിലക്ഷണമായ ശരീരഭാഷ, വിധേയരല്ലെന്ന് തോന്നുന്നവരെ ഉപദ്രവിച്ചു ഉപദ്രവിച്ചു ഇല്ലാതാക്കാനുള്ള ലക്ഷ്യബോധം ഇതൊക്കെയാണ് ആ മുഖ്യധാരയുടെ സാമാന്യ ലക്ഷണങ്ങള്‍. ഏറ്റവും ശത്രുതയും പകയും ഇതില്‍ പെടാത്ത ഉദ്യോഗസ്ഥരോടാണ്. കുലംകുത്തികള്‍ ആയ ഇവരെ ചവിട്ടി പുറത്താക്കി കന്നുകാലി ചാണകം തളിക്കണമെന്നാണ് സംഘടിത തീരുമാനം.

കൈക്കൂലി വാങ്ങാതിരിക്കുക, സമയത്ത് സീറ്റില്‍ ഉണ്ടാവുക, ആഫീസില്‍ വരുന്ന വൃദ്ധരെ ചേട്ടനെന്നോ കാര്‍ന്നോരെന്നോ വിളിക്കുക. ഇരിപ്പിടം നല്‍കുക, വന്ന കാര്യം പരിഹരിച്ചു കൊടുക്കാന്‍ ഫയല്‍ കെട്ടുമായി മേലാഫീസറെ സമീപിക്കുക – ഇങ്ങനെയൊക്കെ ചെയ്യുന്നവരാണ് കുലംകുത്തികള്‍. ജനോപകാരപ്രദമാക്കി സിവില്‍ സര്‍വീസിനെ മാറ്റണം എന്ന് പറയുന്ന യൂണിയനുകളും നേതാക്കളും ഈ കൂട്ടര്‍ക്ക് അംഗത്വം നല്‍കുമെങ്കിലും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ കാരണം അവരുടെ പെരുമാറ്റമാണെന്നും എല്ലാവരുമായി ‘മിംഗിള്‍” ചെയ്യാത്തതാണെന്നും പറഞ്ഞ് ചികിത്സനിര്‍ദ്ദേശിച്ച് ഒഴിയുകയാണ് പതിവ്. തൂങ്ങിമരിച്ച സിന്ധുവിന്റെ കാര്യത്തിലും ഇതൊക്കെയാണ് സംഭവിച്ചിട്ടുള്ളത്. എല്ലാ യൂണിയനുകളും സജീവമായ ആഫീസ് ആണ് ആര്‍.ടി. ആഫീസ്. അവിടെ ഈ ഗതിയില്‍ എത്തിയ ഒരു വനിതാജീവനക്കാരി ഉണ്ടെന്നത് ഒരൊറ്റ യൂണിയനുപോലും തിരിച്ചറിയാനും ഈ ദുര്‍വിധി തടയാനും കഴിയാതെ പോയതില്‍ നിന്ന് യൂണിയനുകളുടെ ഹൃദയവും ബ്യൂറോക്രസിയുടെ ഹൃദയവും ഒന്ന് തന്നെയാണെന്ന് വ്യക്തം.

നശിച്ച സംവിധാനം എന്തിന്?


ഈ നശിച്ച സംവിധാനത്തെ തീറ്റിപ്പോറ്റുന്ന നികുതിദായകരായ പൗരന്മാരുടെ ചിന്തയില്‍ വരേണ്ട കാര്യം ഈ കേസിന് ഇനിയെന്തു സംഭവിക്കും എന്നതാണ്. എന്താകുമെന്ന് പ്രശ്‌നം വയ്ക്കുന്നതിനെക്കാള്‍ ഇത്തരം കേസുകളില്‍ എന്തായിട്ടുണ്ട് എന്ന് വസ്തുനിഷ്ഠമായി അന്വേഷിക്കുന്നതാണ് ഫലപ്രദം.

ലോക്കപ്പ് മരണവും പീഡനവും ഉള്‍പ്പെടെ എത്രയധികം കേസുകൾ ഇതുവരെ ഉദ്യോഗസ്ഥ ദ്രോഹങ്ങളായി പുറത്തുവന്നിട്ടുള്ളത്. മേലാള പീഡനത്തിന്റെ പേരില്‍ സ്വയം വെടിവെച്ച് മരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ തൊഴുത്തിലെ തൊഴിയിലും ചവിട്ടിലും മനംനൊന്ത് മരിച്ചവർ വരെ എത്രയധികമാണ് ഇരകൾ. കൊല്ലാക്കൊല ചെയ്തും മനോരോഗികളാക്കിയും മുദ്രകുത്തിയും നശിപ്പിക്കപ്പെട്ടവര്‍ എത്രയധികമാണ്. ജനങ്ങളുടെ വക്താക്കളായി ബ്യൂറോക്രസിക്കകത്ത് മാറാന്‍ ശ്രമിച്ച സ്വപ്ന ജീവികളായ പാവങ്ങളാണ് എല്ലാകാലത്തും ഇരകള്‍.

ഒരു തഹസിൽദാർ മറ്റൊരു തഹസിൽദാരെ നാറി എന്നു വിളിക്കും

ഇത്തരം സംഭവങ്ങളുടെ പേരില്‍ എത്രയെത്ര അന്വേഷണങ്ങള്‍. അന്വേഷണ കമ്മീഷനുകള്‍. എന്നിട്ട് എത്ര കേസുകളില്‍ എത്ര പേരെ കുറ്റവാളികളായി കണ്ടെത്തി? എത്ര കേസുകള്‍ കോടതിയിലെത്തി? ശിക്ഷിച്ചു? അത്യപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വമായി മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളു. പരാതി തന്നെ തേഞ്ഞുമാഞ്ഞു പോകുന്നതാണ് പ്രധാന കാഴ്ച. ഇര ഉദ്യോഗസ്ഥ വര്‍ഗ്ഗത്തില്‍ നിന്നായാലും സ്ഥിതി വ്യത്യാസമില്ല. കാരണം അവര്‍ ബ്യൂറോക്രസിയുടെ മുഖ്യധാരയ്ക്ക് പുറത്തുള്ളവരോ കുലംകുത്തികള്‍ തന്നെയാണ്. ബ്യൂറോക്രാറ്റുകള്‍ ബ്യൂറോക്രസിയെ സംരക്ഷിക്കും. കുലംകുത്തികളെ അവഗണിക്കും. നല്ല കുടുംബത്തില്‍ നായും പിറക്കും എന്നതുപോലെ കരുതി കൈകഴുകി രക്ഷപ്പെടും. ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ചരടുവലികളില്‍ പോലീസ് അന്വേഷണം ഒടുങ്ങും. ‘ഒരു തഹസില്‍ദാര്‍ മറ്റൊരു തഹസില്‍ദാരെ നാറി’ എന്ന് വിളിച്ചേക്കാം. പക്ഷേ സര്‍വീസില്‍നിന്ന് കളയുന്ന വിധം റിപ്പോര്‍ട്ട് എഴുതുക ഇല്ല. അതാണ് വര്‍ഗ്ഗബോധം. സര്‍വീസ് എന്ന അധികാര സ്വര്‍ഗ്ഗത്തില്‍ കയറിപ്പറ്റിയവരുടെ ഹൃദയം ഒരേ വിധമാണ് തുടിക്കുന്നത്. ഈ കേസില്‍ മാധ്യമശ്രദ്ധയും പ്രത്യേക അന്വേഷണ സംഘവും ആവശ്യമെങ്കില്‍ ജുഡീഷ്യല്‍ ഇടപെടലും ഇല്ലെങ്കില്‍ വാദി പ്രതിയാകും. ഭിന്നശേഷിക്കാരിക്ക് കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു എന്നും ഉന്നത ഉദ്യോഗസ്ഥരെ ദ്രോഹിക്കാന്‍ കള്ളങ്ങള്‍ ചമച്ച് മാനന്തവാടിയുടെ അതിരുകള്‍ വിട്ട് എവിടെ വരെ വേണമെങ്കിലും പോകുന്ന പ്രത്യേകം മാനസികനില ഉണ്ടായിരുന്നു എന്നും, അത് അത്യപൂര്‍വ്വവും പത്തുലക്ഷം പേരില്‍ ഒരാളില്‍ മാത്രം കണ്ടു വരുന്നതാണെന്നും കണ്ടെത്തലുകള്‍ ഉണ്ടായേക്കാം.


ഇതെല്ലാം കണ്‍തുറന്ന് കാണുന്ന നികുതിദായകര്‍ തിരിച്ചറിയേണ്ട സംഗതി വളച്ചുകെട്ടില്ലാതെ പറയാം. ബ്യൂറോക്രസി എന്ന ഈ ജനവിരുദ്ധ സംവിധാനം അവരുടെ കൂട്ടത്തില്‍ പെട്ടവരെയും കൊന്നുതിന്നുന്ന ജീവിയാണ്. ജനവിരുദ്ധവും ഹൃദയ ശൂന്യവുമായ ഈ സംവിധാനത്തെ ഊട്ടി വളര്‍ത്തേണ്ട കാര്യം ജനത്തിനില്ല. യൂണിയനുകള്‍ അല്ല ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റച്ചട്ടം ഉണ്ടാക്കേണ്ടത്. ജനങ്ങളാണ്. ജനപ്രതിനിധി സഭകള്‍ അത് നിറവേറ്റുന്നില്ലെങ്കില്‍ അവരെയും നീക്കി നിര്‍ത്തണം. നികുതിദായകര്‍ സ്വന്തം കാര്യം നോക്കണം. മാറ്റുവിൻ ചട്ടങ്ങളെ.

ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888

Share