ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ കോവിഡ് വകഭേദം എക്സ്.ഇ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും സ്ഥിരീകരിക്കാതെ കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗിയുടെ സാംപിളില്‍ നടത്തിയ ജീനോം സീക്വന്‍സിങ്ങില്‍ എക്സ്.ഇ വകഭേദം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഇന്ത്യന്‍ സാര്‍സ് കോവിഡ്-2 ജീനോമിക് കണ്‍സോഷ്യം വ്യക്തമാക്കി. നേരത്തെ ഇത് എക്സ്.ഇ വകഭേദമാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എക്സ്.ഇ വകഭേദം ഇന്ത്യയിലാദ്യമായി മുംബൈയില്‍ തിരിച്ചറിഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ട്. കാപ്പാ വകഭേദത്തിന്റെ ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബി.എം.സി) അറിയിച്ചു. പുതിയ വകഭേദങ്ങള്‍ കണ്ടെത്തപ്പെട്ട രോഗികളില്‍ കാര്യമായ രോഗലക്ഷണങ്ങളില്ല. ഇതുവരെ പ്രത്യക്ഷപ്പെട്ട കൊറോണ വകഭേദങ്ങളില്‍ ഏറ്റവും വ്യാപനശേഷിയുള്ളതാകാം എക്സ്.ഇയെന്നു ലോകാരോഗ്യസംഘടന കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിശോധനയില്‍ എക്സ്.ഇ. പോസിറ്റീവായെന്നു പറയപ്പെട്ട വസ്ത്രാലങ്കാരവിദഗ്ധ (50) രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചയാളാണ്. രോഗലക്ഷണങ്ങളുമുണ്ടായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി 10-നു ദക്ഷിണാഫ്രിക്കയില്‍നിന്ന് എത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ കോവിഡ് നെഗറ്റീവായിരുന്നെന്നു ബി.എം.സി. അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് രണ്ടിനു നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവും പിറ്റേന്നു മറ്റൊരു പരിശോധനയില്‍ നെഗറ്റീവുമായി.
മുംബൈയില്‍ ജനിതകപരിശോധന നടത്തിയ 230 സാമ്പിളുകളില്‍ 228 പേര്‍ക്കും ഒമിക്രോണ്‍ പോസിറ്റീവായിരുന്നു. ഓരോരുത്തരിലാണ് എക്സ്.ഇ, കാപ്പാ വകഭേദങ്ങള്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്. രോഗികളില്‍ 21 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ 12 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നില്ല. ഒന്‍പതുപേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. ചികിത്സയിലുള്ള ആര്‍ക്കും ഓക്സിജന്‍, ഐ.സി.യു. സഹായം വേണ്ടിവന്നിട്ടില്ല. കഴിഞ്ഞ ജനുവരി 19-നു ബ്രിട്ടനിലാണ് എക്സ്.ഇ. വകഭേദം ആദ്യമായി കണ്ടെത്തിയത്. ഇതുവരെ 637 പേര്‍ക്കു പുതിയ വകഭേദം പിടിപെട്ടതായി ബ്രിട്ടീഷ് ആരോഗ്യസുരക്ഷാ ഏജന്‍സി കഴിഞ്ഞ മൂന്നിനു വ്യക്തമാക്കി. ബ്രിട്ടനില്‍ എക്സ്.ഇ. വകഭേദത്തിന്റെ സാമൂഹികവ്യാപനലക്ഷണങ്ങളുണ്ടെങ്കിലും അത് ആകെ കോവിഡ് കേസുകളുടെ ഒരുശതമാനത്തില്‍ താഴെയാണെന്ന് അധികൃതര്‍ പറയുന്നു.

