വയനാട്‌ ജില്ലയില്‍ 2000 കോഴിഫാമുകള്‍ പുതുതായി തുടങ്ങുന്നു

സുല്‍ത്താന്‍ ബത്തേരി : കോഴിയിറച്ചി ഉല്‍പ്പാദനത്തില്‍ വയനാടിനെ സ്വയം പര്യാപ്‌തതയിലെത്തിക്കാനുളള നടപടികളുമായി ബ്രഹ്മഗിരി ഡെവലപ്പമെന്റ് സൊസൈറ്റി. 51 കോടി രൂപ ചെലവഴിച്ചാണ്‌ കര്‍ഷകരെ കോഴിവളര്‍ത്തലിലേക്ക്‌ ആകര്‍ഷിക്കുന്നത്‌. രണ്ടുവര്‍ഷത്തിനുളളില്‍ ലക്ഷ്യം കൈവരിക്കുമെന്ന്‌ അധികൃതര്‍. അതിലേക്കായി 2000 കോഴിഫാമുകള്‍ ജില്ലയില്‍ ആരംഭിക്കും.

ഇതിനായി കര്‍ഷകര്‍ക്ക്‌ ഈടില്ലാതെ വായ്‌പകള്‍ നല്‍കും. 1000 കോഴികളെ വളര്‍ത്തുന്ന കര്‍ഷകന്‌ ഒന്നര ലക്ഷവും 2000 കോഴികളെ വെളര്‍ത്തുന്ന കര്‍ഷകന്‌ മൂന്നുലക്ഷവുമാണ്‌ വായപ നല്‍കുക. 7 ശതമാനമാണ്‌ പലിശ. 3 ശതമാനം സബ്‌സിഡിയുണ്ട്‌. അഞ്ചുലക്ഷം വായ്‌പയെടുത്ത്‌ 3000 കോഴികളെ വളര്‍ത്തുന്ന പദ്ധതിയും ഉണ്ട്‌ .ഈ വായ്‌പക്ക്‌ ഈട്‌ നല്‍കണം. കേരള ബാങ്കാണ്‌ വായ്‌പ നല്‍കുന്നത്‌.

ബ്രഹ്മഗിരിയില്‍ കര്‍ഷകന്‌ വളര്‍ത്തുകൂലിയായി ഒരു കിലോയ്‌ക്ക് 8 രൂപമുതല്‍ 11 രൂപവരെ ലഭിക്കും. കോഴി വളര്‍ത്തി ബ്രഹ്മഗിരിക്ക്‌ കൊടുക്കുന്ന ഫാമുടമകള്‍ വിപണന കാര്യങ്ങളൊന്നും ചിന്തിക്കേണ്ടതില്ല. വയനാടിന്‌ പുറമേ മലപ്പുറം ,പാലക്കാട്‌ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ ശ്രമങ്ങളുണ്ട്‌. അഞ്ചുവര്‍ഷം കൊണ്ട്‌ 5000 ഫാമുകള്‍ സ്ഥാപിക്കാനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. കോഴിഫാമുകള്‍ക്കുപുറമേ പോത്ത്‌ ,ആട്‌, താറാവ്‌, കാട,മുയല്‍ ഫാമുകള്‍ പ്രോത്സാഹിപ്പിക്കാനുളള പദ്ധതികളും ബ്രഹ്മഗിരിയുടെ ആലോചനയിലുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →