ഠാണ – ചന്തക്കുന്ന് സാമൂഹ്യാഘാത പഠനം പൂർത്തിയായി പബ്ലിക് ഹിയറിങ് ഏപ്രിൽ 22ന്

ഇരിങ്ങാലക്കുടയുടെ വികസന ചരിത്രത്തിൽ ഇടം നേടാനൊരുങ്ങി ഠാണ – ചന്തക്കുന്ന് റോഡ്. റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക് എത്തിയതായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നായ  ഇരിഞ്ഞാലക്കുട ഠാണ – ചന്തക്കുന്ന് റോഡിന്റെ വികസനം കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ്. റോഡ് വികസനം സാധ്യമാകുന്നതോടെ  ഇരിങ്ങാലക്കുട നഗരത്തിലൂടെയുള്ള  ഗതാഗതം  സുഗമമാകും. സാമൂഹികാഘാത പഠനത്തിന്റെ കരട് റിപ്പോർട്ട് നിർവ്വഹണ ഏജൻസി ജില്ലാ കലക്ടർക്ക് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏപ്രിൽ 22ന്  വൈകീട്ട് 3 മണിക്ക് ഇരിങ്ങാലക്കുട ലയൺസ്‌ ക്ലബ് ഹാളിൽ  പബ്ലിക് ഹിയറിങ് സംഘടിപ്പിക്കുന്നത്.  ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിൽ ഉൾപ്പെട്ട 0.7190 ഹെക്ടർ  സ്ഥലമാണ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്നത്. കണ്ണൂർ ആസ്ഥാനമായുള്ള  അങ്ങാടിക്കടവ് ഡോൺബോസ്‌കോ ആർട്സ് ആന്റ് സയൻസ് കോളേജിന്റെ നേതൃത്വത്തിലായിരുന്നു  സാമൂഹിക ആഘാത പഠനം നടന്നത്. പബ്ലിക് ഹിയറിങ്ങിൽ കരട് റിപ്പോർട്ടിന്മേൽ പൊതുജനാഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →