തിരുവനന്തപുരം : തിരുവല്ലത്ത് വീട്ടില്‍ പാര്‍ക്കുചെയ്‌തിരുന്ന സ്‌കൂട്ടറുകള്‍ കത്തിക്കുകയും വീട്ടിലേക്ക് തീ പടരുകയും ചെയ്‌ത സംഭവത്തില്‍ സിസിടിവി ക്യാമറ ദൃശ്യങ്ങളെ ചുറ്റിപ്പറ്റി അന്വേഷണം . തിരുവല്ലം മേനിലംപാലക്കുന്ന് ശില്‍പയില്‍ ഭാസിയുടെ വീട്ടിലാണ് 2022 ഏപ്രില്‍ 4 തിങ്കളാഴ്‌ച പുലര്‍ച്ചെ സ്‌കൂട്ടറുകള്‍ക്ക് തീ വച്ചത്. സംഭവത്തിന് ശേഷം സമീപത്തെ റോഡിലൂടെ ഒരാള്‍ ഓടിപ്പോവുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. എന്നാല്‍ ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലാത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ സാങ്കേതിക വിദഗ്‌ധരുടെ സഹായത്തോടെ പോലീസ് ശ്രമം തുടങ്ങി. കൂടാതെ സമീപത്തെ മറ്റുചില ക്യാമറകളിലെ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് രാത്രിയില്‍ അതുവഴി കടന്നുപോയവരെ കണ്ടെത്താനുളള ശ്രമവും നടന്നുവരികയാണ് സംഭവത്തില്‍ പോലീസ് ചിലരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷം ഇവരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കാനാണ് തീരുമാനം. ഫോറന്‍സിക്ക് വിദഗ്‌ദര്‍ സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഫോര്‍ട്ട് അസി. കമ്മീഷണര്‍ ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഭാസിയോടും കുടുംബത്തോടും ആര്‍ക്കും ശത്രുതയുളളതായി വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് വെളിപ്പെടുത്തി. സംഭവ സമയം ഭാസി ജോലിക്കു പോയിരുന്നതിനാല്‍ ഭാര്യ ഷീജ മക്കള്‍ ഭാവന ഭാഗ്യ ,ഷീജയുടെ അമ്മ സുലോചന എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഭവനയുടെയും അയല്‍വാസിയായ ലതികയുടെയും സ്‌കൂട്ടറുകളാണ് നശിച്ചത്. സ്‌കൂട്ടറുകളില്‍ മണ്ണെണ്ണ ഒഴിച്ചശേഷം തീ വയ്‌ക്കുകയായിരുന്നു.

