ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. മൂന്നാം ഘട്ടമായി ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന 16 ഭിന്നശേഷിക്കാര്‍ക്കാണ് സ്‌കൂട്ടറുകള്‍ കൈമാറിയത്. ജില്ലാ പഞ്ചായത്തിന്റെ 2021-22, 2022-23 ബഹുവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ജനറല്‍ വിഭാഗത്തില്‍ 86 ഗുണഭോക്താക്കള്‍ക്കും എസ്.സി.പി വിഭാഗത്തില്‍പ്പെട്ട ഒന്‍പത് ഗുണഭോക്താക്കള്‍ക്കുമാണ് നടപ്പ് സാമ്പത്തിക വര്‍ഷം സൈഡ് വീല്‍ ഘടിപ്പിച്ച വാഹനം അനുവദിച്ചത്. ഇതിനായി 88,35,000 രൂപയാണ് ചെലവഴിച്ചത്. എസ്.സി.പി വിഭാഗത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും (ഒന്‍പത് പേര്‍ക്ക്), ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട 18 പേര്‍ക്കും ഒന്നാം ഘട്ടത്തിലും 38 ഗുണഭോക്താക്കള്‍ക്ക് രണ്ടാം ഘട്ടത്തിലും 16 പേര്‍ക്ക് മൂന്നാം ഘട്ടത്തിലും സ്‌കൂട്ടറുകള്‍ വിതരണം ചെയ്യുകയായിരുന്നു. ബാക്കിയുള്ള 13 പേര്‍ക്ക് സ്‌കൂട്ടര്‍ നല്‍കുന്നതിനായി രജിസ്‌ട്രേഷന്‍ നടപടികള്‍ തുടരുകയാണ്. രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും വാഹനം വിതരണം ചെയ്യുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഓഫീസ് മുറ്റത്ത് നടന്ന താക്കോല്‍ കൈമാറല്‍ ചടങ്ങ് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സെറീന ഹസീബ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.കെ.സി അബ്ദുറഹ്‌മാന്‍, കെ.ടി അഷ്‌റഫ്, എ യാസ്മിന്‍, റൈഹാനത്ത് കുറുമാടന്‍, എം.പി ഷരീഫ ടീച്ചര്‍, സലീന ടീച്ചര്‍, എ.പി സബാഹ്, വി.പി ജസീറ, ശ്രീനിവാസന്‍ കുന്നത്ത്, പി ശാന്തി , എം.പി സുഫിയാന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ ചുമതല വഹിക്കുന്ന വി.വി സതീദേവി, സഹീര്‍, രാജീവ്, മനോജ്, എന്നിവര്‍ പങ്കെടുത്തു.

