കൊച്ചി: സംവരണേതര വിഭാഗത്തിൽ പെട്ട ആളുമായി വിവാഹ ബന്ധത്തിലേർപ്പെട്ടു എന്നതുകൊണ്ട് ജാതിസംവരണാനുകൂല്യം നിഷേധിക്കുന്ന ഉദ്യോഗസ്ഥ നടപടികൾക്ക് വിരാമമിട്ട് കേരള ഹൈക്കോടതി.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 16(4) പ്രകാരം സംവരണത്തിന്റെ ആനുകൂല്യം അവകാശപ്പെടുന്നതിന് ഒരു വ്യക്തിക്ക് മറ്റൊരു ജാതിയിൽ നിന്ന് വിവാഹം കഴിച്ചിട്ടുണ്ടോ എന്ന കാര്യം പ്രസക്തമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജാതി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നിരസിച്ചതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ അംഗീകരിക്കുകയായിരുന്നു.
ലത്തീൻ കത്തോലിക്കാ സമുദായത്തിൽപ്പെട്ട ഹരജിക്കാരി 2005ൽ റോമൻ കത്തോലിക്കാ സമുദായത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചു. ഇതിനിടെ എൽപി സ്കൂൾ അധ്യാപിക തസ്തികയിലേക്ക് പിഎസ്‌സി വഴി നിയമനം നേടിയിരുന്നു.
അതിനാൽ, ഹർജിക്കാരി ജാതി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചെങ്കിലും സീറോ മലബാർ സിറിയൻ കാത്തലിക് വിഭാഗത്തിൽപ്പെട്ടയാളെയാണ് വിവാഹം കഴിച്ചതെന്നും അതിനാൽ ലത്തീൻ കത്തോലിക്ക പദവിക്ക് അർഹതയില്ലെന്നും ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.

