കൊല്ലം:. പുതിയ സമയക്രമവും പുതിയ കോച്ചുകളുമായി ജയന്തി ജനത എക്‌സ്പ്രസ്’ വീണ്ടും ഓട്ടം തുടങ്ങി. 2022 മാർച്ച് 31 വ്യാഴാഴ്ചമുതലാണ് ഓട്ടം തുടങ്ങിയത്. പുതുമോടിയിലെത്തിയ തീവണ്ടി പഴയതുപോലെ മുംബൈവരെ പോകില്ല. പുണെവരെയേ പോവുകയുളളു. തീവണ്ടിയുടെ പുതിയ പേര് കന്യാകുമാരി-പുണെ എക്‌സ്പ്രസ്. ഉത്കൃഷ്ട് ശ്രേണിയിൽനിന്നുമാറി പുതിയ എൽ.എച്ച്.ബി. (ലിങ്കെ-ഹോഫ്മാൻ-ബുഷ്) കോച്ചുകളുമായാണ് ജയന്തിയുടെ സഞ്ചാരം
രാവിലെ 8.25-ന് കന്യാകുമാരിയിൽനിന്ന് യാത്രതുടങ്ങി അടുത്തദിവസം രാത്രി 10.20-ന് പുണെയിൽ എത്തിച്ചേരും. രാത്രി 11.50-ന് പുണെയിൽനിന്ന് തിരിക്കും.പുണെയ്ക്കുള്ള യാത്രയിൽ രാവിലെ 10.15-നാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തുക. കോവിഡിനുശേഷം കേരളത്തിൽനിന്ന് ഉത്തരേന്ത്യയിലേക്ക് ആദ്യ അൺ റിസർവ്ഡ് കോച്ചുകളോടെ സർവീസ് ആരംഭിക്കുന്നുവെന്നതും ജയന്തിയുടെ പ്രത്യേകതയാണ്.
കന്യാകുമാരിയിൽനിന്ന് പുണെയിലേക്കുള്ള സർവീസിൽ ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ഒറ്റപ്പാലം സ്റ്റേഷനുകളിൽ നിർത്തും. എന്നാൽ പുണെയിൽ പുണെയിൽനിന്ന് കന്യാകുമാരിയിലേക്കുള്ള സർവീസിൽ ഈ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല. കന്യാകുമാരിയിലേക്കുള്ള യാത്രയിൽമാത്രം തൃപ്പൂണിത്തുറ, തിരുവനന്തപുരം പേട്ട സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

