മോസ്‌കോ: യുക്രൈനില്‍ അധിനിവേശമാരംഭിച്ചശേഷം ആദ്യമായി റഷ്യയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി. യുക്രൈന്റെ ഹെലികോപ്ടറുകള്‍ അതിര്‍ത്തികടന്ന് റഷ്യയില്‍ ബോംബാക്രമണം നടത്തി.യുദ്ധമാരംഭിച്ച് 37-ാം ദിവസം, പടിഞ്ഞാറന്‍ റഷ്യയില്‍ ബെല്‍ഗൊറോഡ് നഗരത്തിലെ ഒരു പെട്രോള്‍ സംഭരണശാലയിലാണു യുക്രൈന്‍ ബോംബിട്ടത്. റഷ്യന്‍ ഊര്‍ജമേഖലയിലെ വമ്പന്‍ കമ്പനിയായ റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ സംഭരണശാലയാണ് ആക്രമിക്കപ്പെട്ടത്. ജീവനക്കാരെയെല്ലാം ഒഴിപ്പിച്ചതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി. അതേസമയം, അഞ്ച് ആയുധസംഭരണശാലകള്‍ ഉള്‍പ്പെടെ യുക്രൈനിലെ ആറ് െസെനികകേന്ദ്രങ്ങള്‍ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു.
തുര്‍ക്കിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍നിന്നു പിന്മാറുമെന്നു ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മുന്നറിയിപ്പ് നല്‍കി. രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമായാണു റഷ്യന്‍ മണ്ണില്‍ ഒരു വിദേശരാജ്യത്തിന്റെ ആക്രമണമുണ്ടാകുന്നത്. റഷ്യ-യുക്രൈന്‍ അതിര്‍ത്തിയില്‍നിന്ന് 40 കിലോമീറ്റര്‍ ഉള്ളിലാണു ബെല്‍ഗൊറോഡ് നഗരം. റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന യുക്രൈനിലെ ഖാര്‍കീവ് നഗരത്തില്‍നിന്ന് 80 കിലോമീറ്റര്‍ മാത്രമാണു ബെല്‍ഗൊറോഡിലേക്കുള്ള ദൂരം. അതിര്‍ത്തികടന്നെത്തിയ രണ്ട് യുക്രൈന്‍ ഹെലികോപ്ടറുകള്‍ പെട്രോള്‍ സംഭരണശാലയില്‍ ബോംബാക്രമണം നടത്തിയതായി ബെല്‍ഗൊറോഡ് മേഖലാ ഗവര്‍ണര്‍ വ്യാഷെസ്ലാവ്ാഡ്കോവ് സ്ഥിരീകരിച്ചു. താഴ്ന്നു പറന്നാണു യുക്രൈന്‍ ഹെലികോപ്റ്ററുകള്‍ റഷ്യന്‍ വ്യോമപ്രതിരോധത്തെ കബളിപ്പിച്ചത്. തുടര്‍ന്ന് എസ്-8 റോക്കറ്റുകള്‍ പ്രയോഗിക്കുകയായിരുന്നു. ആക്രമണത്തേത്തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ എണ്ണസംഭരണശാലയിലെ രണ്ട് ജീവനക്കാര്‍ക്കു പൊള്ളലേറ്റു. പ്രാദേശികസമയം രാവിലെ ആറിനായിരുന്നു ആക്രമണം. സംഭരണശാലയിലുണ്ടായ തീപിടിത്തം അണയ്ക്കാന്‍ 170 അഗ്‌നിരക്ഷാസേനാംഗങ്ങള്‍ പരിശ്രമിക്കുന്നതായി റഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. സംഭരണശാലയില്‍നിന്നു കനത്ത പുകയുയരുന്നതിന്റെ ദൃശ്യങ്ങള്‍ അത്യാഹിതകാര്യമന്ത്രാലയം പുറത്തുവിട്ടു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ നിരസിക്കാനോ യുക്രൈന്‍ തയാറായില്ല. റഷ്യയെ ചെറുക്കുകയാണ് തങ്ങളെന്നും എന്നാല്‍ അവിടെയുണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദിത്വമേല്‍ക്കേണ്ടതില്ലെന്നും യുക്രൈന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

