പത്തനംതിട്ട: കേരളത്തിന്റെ വികസനത്തിന് പുതിയ മുഖം നല്‍കി ഓരോ വികസന പദ്ധതികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കി ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആറു കോടി രൂപ ചിലവഴിച്ചു ആധുനിക നിലവാരത്തില്‍ നിര്‍മിച്ച കാഞ്ഞിരപ്പാറ കിഴക്കുപുറം വടക്കുപുറം വെട്ടൂര്‍ റോഡ് ഓണ്‍ ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 4.30 കിലോമീറ്റര്‍ ദൂരമുള്ള റോഡ് കോന്നി ആഞ്ഞിലിക്കുന്നു ജംഗ്ഷന്‍ മുതല്‍ കോട്ടമുക്ക് ജംഗ്ഷന്‍ വരെ ആറു കോടി രൂപ ചിലവിലാണ് 5.5 മീറ്റര്‍ വീതിയില്‍ ഉന്നത നിലവാരത്തില്‍ നിര്‍മിച്ചത്. റോഡിന്റെ വീതി കൂട്ടിയും ഓട നിര്‍മിച്ചും ബിഎം ആന്‍ഡ് ബിസി സാങ്കേതിക വിദ്യയിലും ആണ് റോഡ് പൂര്‍ത്തിയാക്കിയത്.
റാന്നി കേന്ദ്രമാക്കിയുള്ള കാവുങ്കല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പ്രവര്‍ത്തിയുടെ നിര്‍മാണ കരാര്‍ ഏറ്റെടുത്തിരുന്നത്. അഡ്വ. ജനീഷ് കുമാര്‍ എംഎല്‍എ ആയതിനുശേഷം നിരന്തരമായ ഇടപെട്ടതിന്റെ ഭാഗമായാണ് റോഡ് നിര്‍മാണ പദ്ധതി യഥാര്‍ഥ്യമായത്. ഇതോടെ, മലയാലപ്പുഴ മേഖലയിലുള്ളവര്‍ക്ക് കോന്നി ടൗണിലും കോന്നി മെഡിക്കല്‍ കോളജിലും എത്തിച്ചേരാനുള്ള എളുപ്പ മാര്‍ഗമായി ഈറോഡ് മാറി. ഒപ്പം മലയാലപ്പുഴ ക്ഷേത്രത്തിലെക്കുള്ള എളുപ്പമാര്‍ഗമായും റോഡ് മാറി.
ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഫലകം അനാച്ഛാദനം ചെയ്തു. പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ , കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീല കുമാരി ചാങ്ങയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുല്‍ വെട്ടൂര്‍, സുജാത അനില്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് കാലായില്‍, പ്രീജ, എലിസബത്ത് രാജു, രഞ്ജിത്, മലയാലപ്പുഴ മോഹന്‍, എം.ജി. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. റസീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

