കേരള സംസ്ഥാന നിർമിതി കേന്ദ്രം ഫിനിഷിംഗ് സ്കൂൾ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും

കേരള സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ കീഴിൽ സാങ്കേതിക ബിരുദധാരികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഫിനിഷിംഗ് സ്കൂളിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. സിവിൽ എഞ്ചിനീയറിംഗ് മേഖലയിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കൂടുതൽ നൈപുണ്യ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാന സർക്കാരുമായി ചേർന്ന് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത്. കളമശേരിയിലെ സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ മേഖലാ ഓഫീസിൽ ഉച്ചയ്ക്ക് രണ്ടിന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റവന്യു വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവഹിക്കും.

പ്രൊഫഷണൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവരിൽ വലിയൊരു ശതമാനം പേർക്കും തൊഴിലിൽ ആവശ്യമായ നൈപുണ്യമില്ല എന്ന പരാതികൾ ഉയരുന്നത് പതിവായി മാറുകയാണ്. ഇതിനെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫിനിഷിംഗ് സ്കൂൾ ഫോ‌ർ സ്കിൽ ഇംപ്രൂവ്മെന്റ് എന്ന പേരിൽ തൊഴിലധിഷ്ഠിത കോഴ്സ് സംഘടിപ്പിക്കുന്നത്. സിവിൽ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ കോഴ്സുകളിൽ സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയായവർക്ക് വേണ്ടിയാണ് കേന്ദ്രം. കളമശേരി എൻ.എ.എഡി റോഡിലുള്ള സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ മേഖലാ ഓഫീസിലാണ് ഫിനിഷിംഗ് സ്കൂൾ സംഘടിപ്പിക്കുന്നത്.

ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് വിജയകരമായി നടപ്പാക്കിയ ശേഷമാണ് എറണാകുളത്ത് ആരംഭിക്കാൻ തീരുമാനിച്ചത്. മൂന്ന് മാസം നീണ്ടുനിൽക്കുന്ന കോഴ്സിൽ വിഷയവുമായി ബന്ധപ്പെട്ട വിവിധ ക്ലാസുകൾക്ക് പുറമേ വിദ്യാർത്ഥികൾക്കായി നിർമ്മാണമേഖലയിലെ തൊഴിൽ പരിശീലനവും ജോലി സംബന്ധമായ അഭിമുഖങ്ങൾക്ക് തയ്യാറെടുക്കാനുള്ള പരിശീലനവും നൽകും. ഒരു ബാച്ചിൽ 20 പേരെയാണ് പ്രവേശിപ്പിക്കുക. ഫിനിഷിംഗ് സ്കൂൾ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞാൽ കൂടുതൽ കോഴ്സുകൾ തുടങ്ങാനാണ് അധികൃതരുടെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →