ഉദ്യോഗസ്ഥരെ ജനസേവകരാക്കാൻ ഇതുകൊണ്ട് കഴിയില്ല.

സര്‍ക്കാര്‍ വരുത്തേണ്ട ഭരണപരിഷ്‌കാരങ്ങളെപ്പറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള കമ്മീഷനാണ് ഭരണപരിഷ്‌കാര കമ്മീഷന്‍. നയിച്ചും ഭരിച്ചും പരിണതപ്രജ്ഞനായി മാറിക്കഴിഞ്ഞ വി എസ് അച്യുതാനന്ദനായിരുന്നു തലപ്പത്ത്. കമ്മീഷന്റെ ശുപാര്‍ശകളില്‍ ഒന്ന് സര്‍ക്കാര്‍ സര്‍വീസില്‍ നടപ്പാക്കാന്‍ പോകുന്നു എന്ന് സര്‍ക്കുലര്‍ മൂലം വിളംബരം ചെയ്തിരിക്കുന്നു.

ജനാധിപത്യ സര്‍ക്കാരും അതിന്റെ നടപ്പാക്കലുകാരായ ഉദ്യോഗസ്ഥരും നിലവില്‍ വന്ന കാലം മുതല്‍ ഇന്നുവരേയും ജനങ്ങള്‍ ആഗ്രഹിക്കുകയും, ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു കാര്യത്തെപ്പറ്റിയാണ് വിളംബരം.

ജനങ്ങള്‍ക്ക് ഉദ്യോഗസ്ഥരില്‍ നിന്നും കിട്ടേണ്ട സേവനം താമസമില്ലാതെയും ഭള്ളും പുലഭ്യം പറച്ചിലും കൈക്കൂലിയും ഇല്ലാതെ കിട്ടുക ഇതായിരുന്നു ആ ആവശ്യം. ഉദ്യോഗസ്ഥര്‍ക്കും ഭരിക്കുന്നവര്‍ക്കും ശമ്പളവും അലവന്‍സുകളും കൊടുക്കുന്നത് ജനമാണ്. ഭരിച്ചു കൊള്ളാനുള്ള സമ്മതി ദാനവും കൊടുക്കുന്നത് അതേ ജനം തന്നെയാണ്. ഇത് രണ്ടും കിട്ടി കഴിഞ്ഞാല്‍ കൂരായണ എന്നതാണ് ഭരണക്കാരുടെ രീതി, നാലേമുക്കാല്‍ വര്‍ഷത്തേക്ക്. പി എസ് സി ഗൈഡ് ലഭിച്ച പഠിച്ച് യോഗ്യത തെളിയിച്ച ഉദ്യോഗസ്ഥര്‍ ആകട്ടെ റിട്ടയര്‍ ചെയ്യുന്നതുവരെ ജനത്തോട് കൂരായണ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇതു മാറി ഭരണ സമ്മതവും ഭരിക്കാനുള്ള പണവും നല്‍കിയ ജനത്തോട് മാന്യമായി പെരുമാറുക എങ്കിലും വേണമെന്ന ആവശ്യവുമായി നടന്നലഞ്ഞ രണ്ട് തലമുറകള്‍ മണ്ണടിഞ്ഞു പോയി.

ഇതിനെല്ലാം ശേഷമാണെങ്കിലും ആഗ്രഹിച്ച ഭരണപരിഷ്‌കാരം വരുമെന്ന് കാത്തിരുന്നവര്‍ക്കും തെറ്റി. അര്‍ശോരോഗിയുടെ വെളിക്കിറങ്ങല്‍ പോലെയായി കാര്യങ്ങള്‍. ഷേക്സ്പിയര്‍ ഭാഷയില്‍ പറഞ്ഞാല്‍ Much Ado about nothing. വലിയ ബഹളം പക്ഷേ ഒന്നും നടന്നില്ല.

സര്‍ക്കുലര്‍ ഉള്ളടക്കം


ജീവനക്കാരുടെ പ്രൊമോഷന്‍ ഇനിമേല്‍ പുതിയ രീതിയിലാവും തീരുമാനിക്കുക. ഫയല്‍ താമസിപ്പിക്കുക, മോശമായി പെരുമാറുക, ജോലിസമയത്ത് സീറ്റില്‍ ഇല്ലാതിരിക്കുക, ഫണ്ട് വൈകിപ്പിക്കുക ഇവ ഉണ്ടായാല്‍ പ്രൊമോഷനു വേണ്ട മാര്‍ക്ക് കുറയും. മുന്‍പുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ക്ക് പുറമേ ഇതു കൂടി ഉള്‍പ്പെടുത്തി എന്ന് സര്‍ക്കുലര്‍ വിളംബരം ചെയ്യുന്നു. ഇത് ആര് രേഖപ്പെടുത്തും? മേല്‍ ജീവനക്കാരന്‍. പോലീസുകാരന്റെ കാര്യം എസ്ഐ രേഖപ്പെടുത്തും. വില്ലേജ് ആഫീസറുടെകാര്യം തഹസില്‍ദാരും. ഇപ്പോഴും അപ്രകാരം തന്നെ അല്ലേ കാര്യങ്ങള്‍! നാലുകാര്യങ്ങള്‍ കൂടി കൂടുതല്‍ രേഖപ്പെടുത്താന്‍ പറഞ്ഞതുകൊണ്ട് മേലുദ്യോഗസ്ഥന്‍ മാര്‍ക്കിടുന്ന രീതിക്ക് എന്തുമാറ്റമാണ് ഉണ്ടാവുക? കുഴപ്പങ്ങള്‍ ഉള്ളവര്‍ വേണ്ടവിധത്തില്‍ കണ്ടും മണിയടിച്ചും കാര്യങ്ങള്‍ നേടുക തന്നെ ചെയ്യും.

മേല്‍ ഉദ്യോഗസ്ഥന്റെ അവസരങ്ങളും ഇല്ലാതാകുന്നില്ല. പലതും ആവശ്യപ്പെടാം സ്വീകരിക്കാം. പിഎഫിന്റെ കാര്യം ശരിയാക്കി റിപ്പോര്‍ട്ട് കൊടുക്കുന്നതിന് വനിത അധ്യാപികയില്‍ നിന്നും ആവശ്യപ്പെട്ടത് എന്താണെന്ന് കണ്ടതല്ലേ. ചായയും പരിപ്പുവടയും ഔലോസുണ്ടയും ചായക്കടയും നല്ലതാണെന്ന് ചായക്കട മുതലാളി സാക്ഷ്യപ്പെടുത്തുന്നത് പോലെയാണിത്. ചായകുടിച്ച് അതിന്റെ കാശ് കൊടുത്തു പോകുന്നവരല്ലേ മാര്‍ക്കിടേണ്ടത്. ഹിന്ദി ടീച്ചറിന്റെ പഠിപ്പിക്കല്‍ കൊള്ളാം എന്ന് കണക്ക് അധ്യാപകനായ ഹെഡ്മാസ്റ്റര്‍, സ്വന്തം മുറിയിലിരുന്ന് മാര്‍ക്കിടുന്നതിന്റെ യുക്തി എന്താണ്? മാര്‍ക്ക് ഇടേണ്ടത് വിദ്യാര്‍ഥികളല്ലേ? ഒരു ആഫീസിനെപ്പറ്റിയും അതിലെ ജീവനക്കാരെപ്പറ്റിയും ലഭിച്ച സേവനത്തേയും പെരുമാറ്റത്തെയും പറ്റിയും രേഖപ്പെടുത്താനും മാര്‍ക്കിടാനും ഉള്ള സംവിധാനമാണ് ഉണ്ടാകേണ്ടിയിരുന്നത്. അതിന്റെ കഥ ഇങ്ങനെ കഴിച്ചു കളഞ്ഞു. ഇത് പ്രൊമോഷന്റെ കാര്യം.

ഇങ്ങനെയൊക്കെ ആയില്ലെങ്കില്‍ പ്രമോഷന്‍ കിട്ടില്ലെന്നല്ലേയുള്ളൂ. നിലവിലുള്ള ജോലിയും, പൊരുന്നയിരുപ്പും, കൈക്കൂലിയും, ആഫീസിലെത്തുന്ന ജനമെന്ന നിര്‍ഗതിക്കാരനോടുള്ള ചീത്തവിളിയും ഒക്കെ യഥാവിധി നിര്‍വഹിച്ച് എല്ലാവിധ കൂദാശകളും സ്വീകരിച്ച്, ആശകളും സാധിച്ചു റിട്ടയര്‍ ചെയ്ത്, പെന്‍ഷനും വാങ്ങി പോകുന്നതിന് തടസ്സം ഒന്നുമില്ലല്ലോ? അതു മതി എന്ന് തീരുമാനിച്ചാലും എന്ത് നഷ്ടം അവര്‍ക്ക്? നഷ്ടം ജനത്തിനല്ലേ? ഗൈഡ് പഠിച്ചു ഉണ്ടാക്കിയ ജനറല്‍നോളജ് പരിശോധിച്ച് നിയമനം കിട്ടിയ ആളുടെ കോമണ്‍സെന്‍സെങ്കിലും പിന്നീട് എപ്പോഴെങ്കിലും പരിശോധിക്കപ്പെടുന്നുണ്ടോ? എന്തിന് മാനസിക ആരോഗ്യമെങ്കിലും പരിശോധിക്കപ്പെടുന്നുണ്ടോ?

ഇപ്പോഴത്തെ സര്‍ക്കുലര്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള ”ജനപക്ഷ ഭരണപരിഷ്‌ക്കാരം” മാത്രം. ഭരണക്കാര്‍ക്ക് ജനത്തെക്കാള്‍ പ്രിയം സംഘടിത ഭരണ സില്‍ബന്ദികളുടെ ട്രേഡു യൂണിയനുകള്‍ ആണ്. ഉദ്യോഗസ്ഥ – ഭരണ രാഷ്ട്രീയ ഐക്യം അരക്കിട്ട് ഉറപ്പിച്ചിരിക്കുന്നു

ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888

Share