കോട്ടയം: വാഴൂർ, പത്തനാട് പ്രദേശങ്ങളിൽ നേരിടുന്ന വൈദ്യുതി മുടക്കം, വോൾട്ടേജ് ക്ഷാമം എന്നിവ പരിഹരിക്കുന്നതിന് വാഴൂരിൽ സ്ഥാപിക്കുന്ന 110 കെ.വി. സബ് സ്റ്റേഷന്റെ നിർമാണോദ്ഘാടനം മാർച്ച് 25 ഉച്ചകഴിഞ്ഞ് മൂന്നിന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനിലൂടെ നിർവഹിക്കും.
ഇതോടനുബന്ധിച്ച് വാഴൂർ കൊച്ചുകാഞ്ഞിരപ്പാറയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ഇ.ബി. ലിമിറ്റഡ് പ്രസരണ വിഭാഗം ആന്റ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ രാജൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, കെ.എസ്.ഇ.ബി. ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുകദാസ്, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഡാലി റോയി (പാമ്പാടി), ആശാ ഗിരീഷ് (പള്ളിക്കത്തോട്), കെ.എസ്. റംല ബീഗം (കങ്ങഴ), ജില്ലാ പഞ്ചായത്തംഗം റ്റി.എൻ. ഗിരീഷ്‌കുമാർ, കെ.എസ്.ഇ.ബി. ലിമിറ്റഡ് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ഡോ.ബി. അശോക്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.എം. ജോൺ, ഗീത എസ്. പിള്ള, ചീഫ് എൻജിനീയർ മേരി ജോൺ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
വാഴൂർ ഇലക്ട്രിക്കൽ സെക്ഷൻ പ്രദേശത്ത് നിലവിൽ വൈദ്യുതി എത്തിക്കുന്നത് പാമ്പാടി, കാഞ്ഞിരപ്പള്ളി 110 കെ.വി. സബ്സ്റ്റേഷനിൽനിന്നും കറുകച്ചാൽ 33 കെ.വി. സബ്സ്റ്റേഷനിൽനിന്നുമാണ്. വാഴൂർ സബ്സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ പാമ്പാടി, പൊൻകുന്നം, പത്തനാട് ഇലക്ട്രിക്കൽ സെക്ഷനുകളിലേക്ക് തടസമില്ലാതെ വൈദ്യുതി എത്തിക്കാനാകും. വ്യവസായസംരംഭങ്ങൾക്ക് മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാകും. 12.5 എം.വി.എ. ശേഷിയുള്ള രണ്ടു ട്രാൻസ്ഫോമറുകൾ സ്ഥാപിച്ചാണ് കൊച്ചുകാഞ്ഞിരപ്പാറയിൽ 110 കെ.വി. സബ്സ്റ്റേഷൻ നിർമിക്കുക.

