സംഘാടക സമിതി രൂപികരിച്ചു
എറണാകുളം:കേരളത്തിന്റെ സഹകരണ മേഖലയുടെ വളര്‍ച്ചയും നേട്ടങ്ങളും വ്യക്തമാക്കുന്നതും ഭാവിയിലേക്കുള്ള പദ്ധതികള്‍ അവതരിപ്പിക്കുന്നതുമായ വിപുലമായ ‘സഹകരണ എക്‌സ്‌പോ 2022’ എറണാകുളം മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ 18 മുതല്‍ 25 വരെ നടക്കുമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. എറണാകുളം ബിടിഎച്ചില്‍ സഹകരണ എക്‌സ്‌പോ സംഘാടക സമിതി രൂപീകരണയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രില്‍ 18 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ സഹകരണ എക്‌സ്‌പോ 2022 ന് തുടക്കമാകും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന എക്‌സ്‌പോയില്‍ അപ്പക്‌സ്, ജില്ലാ, പ്രാഥമികതലത്തിലുള്ള ഇരുന്നൂറിലധികം സഹകരണ സ്ഥാപനങ്ങള്‍ പങ്കെടുക്കും. സഹകരണ പ്രസ്ഥാനത്തിന്റെ ശക്തി സമൂഹത്തിനെ ബോധ്യപ്പെടുത്തുക, സംസ്ഥാനത്തെ സഹകരണ മാതൃകകള്‍ ആഗോള, ദേശീയതലത്തില്‍ പരിചയപ്പെടുത്തുക, സംസ്ഥാനത്തെ സഹകരണ മേഖലയിലെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുക, സഹകരണ മേഖലയിലെ വിവിധങ്ങളായ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്തുക, അവയ്ക്ക് വിപണയില്‍ സ്ഥാനമുറപ്പിക്കുക, കൂടുതല്‍ മൂല്യവര്‍ധിത ഉല്പന്ന നിര്‍മ്മാണത്തിലേക്ക് അവരെ കൊണ്ടെത്തിക്കുക, പുതിയ സാധ്യതകള്‍ അവതരിപ്പിക്കുക തുടങ്ങിയവയാണ് സഹകരണ എക്‌സ്‌പോയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
എക്‌സ്‌പോയുടെ ഭാഗമായി ദേശീയ-സംസ്ഥാനതലത്തില്‍ ശ്രദ്ധേയരായ പ്രഗത്ഭരെ പങ്കെടുപ്പിച്ച് സെമിനാറുകള്‍, സഹകരണമേഖലയിലെ പ്രൊഫഷണലിസവും സാങ്കേതികവിദ്യയും പരിചയപ്പെടുത്തല്‍, സംസ്‌ക്കാരിക പരിപാടികള്‍, സിമ്പോസിയങ്ങള്‍ എന്നിവ സംഘടിപ്പിക്കും. കൂടാതെ ദിവസവും വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറും. വിപുലമായ ഫുഡ്‌കോര്‍ട്ടും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയെ സംബന്ധിച്ച് വീഡിയോ പ്രദര്‍ശനങ്ങളും ഉണ്ടാകും. സഹകരണ സ്ഥാപനങ്ങളുടെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി ബിസിനസ് മീറ്റുകള്‍ ഇതോടൊപ്പം സംഘടിപ്പിക്കും.
23,000 ത്തോളം സഹകരണ സംഘങ്ങളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. സഹകരണ രജിസ്ട്രാറിന്റെ കീഴില്‍ 16112 സംഘങ്ങളും ഫംഗ്ഷണല്‍ രജിസ്ട്രാര്‍മാരുടെ നിയന്ത്രണത്തില്‍ ഏഴായിരത്തോളം സംഘങ്ങളും ഉള്‍പ്പെടെയാണ് 23,000ത്തോളം സഹകരണ സംഘങ്ങള്‍ സംസ്ഥാനത്തിന് താങ്ങും തണലുമായാണ് പ്രവര്‍ത്തിക്കുന്നത്. ക്രെഡിറ്റ്, ആതുര സേവനം, ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, കണ്‍സ്യുമര്‍, വ്യവസായം, മത്സ്യ, കശുവണ്ടി, കയര്‍ തുടങ്ങി എല്ലാമേഖലകളിലും ശക്തമായ സാന്നിധ്യമാണ് സഹകരണ സംഘങ്ങളുടേത്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം യുവാക്കളെ ലക്ഷ്യമിട്ടുള്ള 30 സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയുടെ നേതൃത്വത്തില്‍ ഇവന്റ് മാനേജ്‌മെന്റ് മുതല്‍ ഐടി വരെയുള്ള യൂണിറ്റുകള്‍ ആരംഭിച്ച് പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ വരുന്ന യുവാക്കളുടെ സഹകരണ സംഘങ്ങളും രജിസ്റ്റര്‍ ചെയ്തു. കാര്‍ഷിക മേഖലയില്‍ നെല്ല് സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവയ്ക്കായി പാലക്കാടും, കോട്ടയത്തും രണ്ടു സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. കലാകാരന്മാരുടെ സഹകരണ സംഘവും രജിസ്റ്റര്‍ ചെയ്തു. രണ്ടാം 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കാരുടെ സഹകരണ സംഘം രജിസ്റ്റര്‍ ചെയ്ത് അവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഫുട്‌ബോള്‍ രംഗത്തേക്കും സഹകരണ മേഖല കടന്നുവരുകയാണെന്ന് മന്ത്രി പറഞ്ഞു.
ജനജീവിതത്തിന്റെ സമസ്തമേഖലകളിലും ജനങ്ങള്‍ക്ക് ആശ്വാസവും സഹായവുമായി സഹകരണ പ്രസ്ഥാനം കടന്നുവന്നിരിക്കുകയാണ്. ഏതു പ്രതിസന്ധി ഘട്ടത്തിലും സഹകരണ പ്രസ്ഥാനം ഒപ്പമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 226 കോടി രൂപ നല്‍കി. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെയര്‍ ഹോം പദ്ധതിയിലൂടെ 2200 വീടുകള്‍ നിര്‍മ്മിച്ചുകൈമാറി. എല്ലാ ജില്ലകളിലും ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്‍കും. കോവിഡ് കാലത്തും സജീവമായി സഹായഹസ്തവുമായി സഹകരണ പ്രസ്ഥാനം ഉണ്ടായിരുന്നു.
കേരളത്തിലെ സഹകരണ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു ഏകീകൃത ബ്രാന്‍ഡ് വികസിപ്പിക്കുക, അവയെ ഏകീകൃത ബ്രാന്‍ഡില്‍ കൊണ്ടുവന്ന് വിപണിയില്‍ സജീവമാക്കുക, സമ്പുഷ്ടമായ കേരള ഉപഭോക്തൃവിപണിയില്‍ സഹകരണ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വര്‍ധിച്ച സാന്നിധ്യം ഉണ്ടാക്കുകയും ലക്ഷ്യമാണ്. ഇതിന്റെ പ്രചാരണത്തിനായി കൂപ്പ് കേരള(coopkerala) എന്ന പേരില്‍ കൂപ്പ് മാര്‍ട്ടുകള്‍(coopmart) ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങള്‍ ജൈവവൈവിധ്യങ്ങളെ പ്രയോജനപ്പെടുത്തി 340 ഇനങ്ങള്‍ ഉല്പാദിപ്പിക്കുന്നു. ചില സംഘങ്ങള്‍ പഴം, കപ്പ ഉള്‍പ്പെടെയുള്ളവ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നു. നാണ്യവിളകള്‍ ഉല്പാദിപ്പിക്കുന്നു. കൃഷിയിലും വ്യവസായത്തിലും സഹകരണമേഖല മുന്നോട്ടുവരുകയാണ്. ഇങ്ങനെ സഹകരണ മേഖലയുടെ എല്ലാവിധ ഇടപെടലുകളും അവരുടെ ഉല്പന്നങ്ങളും സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതാകും സഹകരണ എക്‌സ്‌പോയെന്ന് മന്ത്രി പറഞ്ഞു.
ഫങ്ങ്ഷണല്‍ രജിസ്ട്രാര്‍മാരുടെ നിയന്ത്രണത്തിലുള്ള മില്‍മ, മത്സ്യഫെഡ്, കയര്‍ഫെഡ്, ഖാദി, കൈത്തറി, ദിനേശ് തുടങ്ങിയ സഹകരണസ്ഥാപനങ്ങളുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനും എക്‌സ്‌പോയില്‍ അവസരം ഒരുക്കും. എസ്പിസിഎസിന്റെ പുസ്തക പ്രദര്‍ശനവും വില്പനയുമുണ്ടാകും. സഹകരണ മേഖലയിലെ ശ്രദ്ധേയ സ്ഥാപനങ്ങളായ കേരള ബാങ്ക്, യുഎല്‍സിസിഎസ്, കണ്‍സ്യൂമര്‍ ഫെഡ്, മാര്‍ക്കറ്റ്‌ഫെഡ്, എസി/എസ്ടി ഫെഡ്, പ്രധാന സഹകരണ ഹോസ്പിറ്റലുകള്‍ തുടങ്ങിയവയുടെ പ്രത്യേക പവലിയനുകളും ഒരുക്കും. സഹകരണ വകുപ്പിന്റെ ചരിത്രം, വികാസ പരിണാമങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചും വകുപ്പ് ഏറ്റെടുത്ത് നടത്തി വരുന്ന വിവിധ ജനകീയ പദ്ധതികളെ സംബന്ധിച്ചും വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വിവരണങ്ങള്‍ നല്കിക്കൊണ്ടും ഒരു പ്രത്യേക പവലിയന്‍ സജ്ജമാക്കും.
എറണാകുളം ബിടിഎച്ചില്‍ നടന്ന സംഘാടക സമിതിയോഗം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ടി.ജെ വിനോദ് എംഎല്‍എ അധ്യക്ഷതവഹിച്ച യോഗത്തില്‍ ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള, മുന്‍ സഹകരണവകുപ്പ് മന്ത്രി എസ്.ശര്‍മ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാര്‍ പി.ബി നൂഹ്, ഓഡിറ്റ് ഡയറക്ടര്‍ എം.എസ് ഷെറിന്‍, ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ പി.വിഷ്ണുരാജ്, തിരുവനന്തപുരം സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍(ക്രെഡിറ്റ്) എം. ബിനോയ്കുമാര്‍, എറണാകുളം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ.സജീവ് കര്‍ത്ത, സഹകാരികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ചെയര്‍മാനായ സംഘാടക സമിതിയില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കോ ചെയര്‍മാനാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് വൈസ് ചെയര്‍മാന്‍. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ജനറല്‍ കണ്‍വീനറും രജിസ്ട്രാര്‍ പി.ബി നൂഹ് കണ്‍വീനറും ഓഡിറ്റ് ഡയറക്ടര്‍ എം.എസ് ഷെറിന്‍ ജോയിന്റ് കണ്‍വീനറുമാണ്. എം.പിമാര്‍, കൊച്ചി മേയര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ തുടങ്ങി 144 പേര്‍ അംഗങ്ങളായ സംഘാടക സമിതിയാണ് രൂപീകരിച്ചത്.