പാറശാല ബ്ലോക്ക് പഞ്ചായത്ത് നിർമിക്കുന്ന പാറശാല പൊന്നമ്മാൾ സ്മാരക ലൈബ്രറിക്കായി നടത്തുന്ന പുസ്തക സമാഹരണ യാത്ര പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ലൈബ്രറിയിലേക്ക് പുസ്തകൾ മന്ത്രി സംഭാവന ചെയ്തു. വർത്തമാനകാലത്തിൽ വായനയ്ക്ക് കൂടുതൽ പരിഗണന ലഭിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
ബ്ലോക്കിന് കീഴിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലും പുസ്തക സമാഹരണ യാത്ര നടത്തും. പുസ്തകങ്ങൾ നേരിട്ട് കൈമാറാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിൽ നിർമിക്കുന്ന ലൈബ്രറിയിലേക്കായി ആദ്യഘട്ടത്തിൽ പൊതുജനങ്ങളിൽ നിന്ന് പുസ്തകങ്ങൾ നേരിട്ട് സ്വീകരിക്കാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്.
മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, വൈസ് പ്രസിഡന്റ് അൽവേഡിസ.എ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ എന്നിവരും പങ്കെടുത്തു.

