കെ റെയിലിനെതിരെ നടക്കുന്നത് അടികിട്ടേണ്ട സമരം: പൊലീസ് സംയമനം പാലിക്കുകയാണെന്ന് കോടിയേരി

തിരുവനന്തപുരം: കെ റെയിലിനെതിരെ നടക്കുന്നത് അടികിട്ടേണ്ട സമരമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലൊക്കെ നടന്നത് അടികിട്ടേണ്ട സമരമാണ്. എന്നാല്‍ പൊലീസ് സംയമനം പാലിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ സര്‍വേകല്ല് എടുത്തുകൊണ്ടുപോയി എന്നതുകൊണ്ട് കല്ലിന് ക്ഷാമമുണ്ടാകില്ല.

കേരളത്തില്‍ കല്ല് തീര്‍ന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്നെങ്കിലും കല്ലിടും. ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധമല്ല സര്‍ക്കാരിന്റെ ലക്ഷ്യം. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കും. ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരം പൂര്‍ണമായി നല്‍കിയതിന് ശേഷമായിരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ പ്രവൃത്തികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍വേ നടത്താനും ഡി.പി.ആര്‍ തയ്യാറാക്കാനും ഉള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വിമോചനസമരമാണ് പ്രതിപക്ഷ ലക്ഷ്യമെങ്കില്‍ അതിവിടെ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →