വടക്കന്‍ ആന്‍ഡാമാന്‍ കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു

കൊച്ചി: വടക്കന്‍ ആന്‍ഡാമാന്‍ കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആന്‍ഡമാന്‍ ദ്വീപുകളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വടക്കന്‍ ആന്‍ഡമാന്‍ കടലിലും സമീപത്തുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന തീവ്രന്യൂനമര്‍ദ്ദം 22/03/22 രാവിലെ 5.30 ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ അതിതീവ്രന്യൂന മര്‍ദ്ദമായി ശക്തിപ്രാപിക്കുകയായിരുന്നു. കാര്‍ നിക്കോബാര്‍ ദ്വീപില്‍ നിന്ന് 320 കിലോമീറ്റര്‍ വടക്ക് വടക്ക് കിഴക്കായും പോര്‍ട്ട്ബ്ലയറില്‍ നിന്ന് 110 കിലോമീറ്റര്‍ വടക്ക് കിഴക്കായും സ്ഥിതിചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.ചുഴലിക്കാറ്റായി മാറിയാല്‍ ശ്രീലങ്ക നിര്‍ദേശിച്ച അസാനി എന്ന പേരിലാവും അറിയപ്പെടുക. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യതയുണ്ട്. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപിലും മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട്ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 65-75 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 85 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →