കൊച്ചി: ഇടുക്കി ജില്ലയിലെ കുമളിക്കടുത്ത് സത്രത്ത് എൻ.സി.സിക്ക് വേണ്ടി പി.ഡബ്ല്യൂ.ഡി നിർമിക്കുന്ന എയർസ്ട്രിപ്പ് പെരിയാർ കടുവ സങ്കേതത്തിന് ഭീഷണിയാകുമെന്ന് കാണിച്ച് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ വനം മേധാവിക്ക് നൽകിയ കത്തുകൾ പുറത്ത്. യാതൊരു പാരിസ്ഥിതിക പഠനവും നടത്താതെയാണ് എൻ.സി.സിയും പി.ഡബ്ല്യൂ.ഡിയും എയർ സ്ട്രിപ്പ് നിർമാണവുമായി മുന്നോട്ട് പോകുന്നതെന്നും വനം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പക്ഷെ കടുവ സങ്കേതത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് വനം മേധാവിയും വനം മന്ത്രിയും അവഗണിച്ചു.
പെരിയാർ കടുവാ സങ്കേതത്തിനു സമീപം എൻ.സി.സിക്കു വേണ്ടി പി.ഡബ്ല്യൂ.ഡി നിർമ്മിക്കുന്ന എയർ സ്ട്രിപ്പിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഹോലികോപ്ടറുകളും ചെറുവിമാനങ്ങളും ഇറക്കുകയാണ് എയർ സ്ട്രിപ്പിന്റെ പ്രധാന ലക്ഷ്യം. പക്ഷേ പെരിയാർ കടുവാ സങ്കേതത്തിനു ഏതാനും വാര അകലെയുള്ള എയർ സ്ട്രിപ്പിന്റെ നിർമാണം ഗുരുതരമായ പാരിസ്ഥിത പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കാണിച്ചാണ് ഈ മേഖലയിലെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്ത് നൽകിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ 10-ന് പെരിയാർ കടുവാ സങ്കേതം ഫീൽഡ് ഡയറക്ടർ പ്രമോദ് പി.പി. ഐഎഫ്എസ്, ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകിയ കത്തിൽ പാരിസ്ഥിതിക ഭീഷണി അക്കമിട്ട് പറയുന്നു. കടുവാ സങ്കേതത്തിന് 630 മീറ്റർ അകലെ നിർമിക്കുന്ന എയർ സ്ട്രിപ്പിന്റെ നിർമാണത്തിന് പരിസ്ഥിതി ആഘാത പഠനം നടത്താൻ പിഡബ്ല്യൂഡിയോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ലെന്ന് ഫീൽഡ് ഡയറക്ടറുടെ കത്ത് പറയുന്നു.

