ന്യൂഡല്‍ഹി: കേരളം, ആന്ധ്ര, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ നാലു സംസ്ഥാനങ്ങളില്‍ നിന്നാണു കോവിഡ് നഷ്ടപരിഹാരത്തിനുവേണ്ടി ഏറ്റവുമധികം വ്യാജ അപേക്ഷകളെത്തിയതെന്നു കേന്ദ്രം സുപ്രീം കോടതിയില്‍.ഈ നാലു സംസ്ഥാനങ്ങളും നിരവധി വ്യാജ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഈ സംസ്ഥാനങ്ങളില്‍നിന്നുള്ള അപേക്ഷകളുടെ രേഖകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കോവിഡ് നഷ്ടപരിഹാരത്തിനായി രേഖകള്‍ പരിശോധിക്കാന്‍ ഏതെങ്കിലും കേന്ദ്ര ഏജന്‍സിയെ നിയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടിട്ടുള്ള കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. ഏത് ഏജന്‍സിയായിരിക്കും അന്വേഷിക്കുക എന്നുചോദിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുമെന്ന് എസ്.ജി. വ്യക്തമാക്കി. നഷ്ടപരിഹാരത്തിന് അര്‍ഹരായവര്‍ ഉണ്ടെങ്കില്‍ നാലാഴ്ചയ്ക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് മൂലം മരിച്ചവര്‍ക്ക് അന്‍പതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നു കഴിഞ്ഞ ജൂണിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
കോവിഡ് നഷ്ടപരിഹാരം: വ്യാജ അപേക്ഷകരില്‍ മുന്നില്‍ കേരളവും
