സംസ്ഥാനത്തുണ്ടായിട്ടുള്ള പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക സുരക്ഷയും ജലസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായുള്ള നയരേഖയിലധിഷ്ഠിതമായ കർമപദ്ധതിക്ക് സർക്കാർ തുടക്കമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര വനദിനാചരണ പരിപാടികളുടെ ഉദ്ഘാടനം വനംവകുപ്പ് ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾക്ക് നയരേഖ പുറത്തിറക്കി കർമപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. പരിസ്ഥിതിപുനഃസ്ഥാപന പരിപാടികളുടെ ഭാഗമായി സംസ്ഥാനത്ത് ‘വൃക്ഷസമൃദ്ധി’ എന്ന പേരിലുള്ള പദ്ധതിക്കും തുടക്കമാവുകയാണ്. വനംവകുപ്പിന്റെ സാമൂഹ്യവനവൽക്കരണ വിഭാഗം,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ പങ്കാളിത്തത്തോടെ ജനകീയമായി നടപ്പാക്കുന്ന പദ്ധതിയാണിത്. 47 ലക്ഷം വൃക്ഷത്തൈകൾ നട്ട് തുടർപരിപാലനം ഉറപ്പാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയിൽ വിവിധ ഇനം ജീവി വർഗങ്ങളുടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിപത്ത് നേരിടുന്നതിന് കാലോചിതമായ നടപടികൾ അനിവാര്യമാണ്. അതിന്റെ ഭാഗമായി വനസംരക്ഷണത്തോടൊപ്പം ജീവിവർഗങ്ങളുടെ തനത് ആവാസവ്യവസ്ഥകൾ പരിപാലിച്ചുകൊണ്ടുള്ള ഹരിത വൽക്കരണപ്രവർത്തനങ്ങൾ സർക്കാർ ഉറപ്പാക്കും.വനാതിർത്തിക്ക് പുറത്തുള്ള വൃക്ഷവൽക്കരണം, നഗരവനം, വിദ്യാവനം, തുടങ്ങിയ പദ്ധതികൾ അതിന്റെ ഭാഗമാണ്. ഇത്തരം പ്രവർത്തനങ്ങൾ വിപുലമാക്കി സംസ്ഥാനത്തിന്റെ വനാവരണം കൂടുതൽ വർധിപ്പിക്കാനുള്ള നടപടികൾക്ക് ആക്കം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൃക്ഷത്തൈകളുടെ അതിജീവനം ഉറപ്പാക്കുന്നതിന് സർക്കാർ നടപ്പിലാക്കുന്ന ബൃഹത്തായ വൃക്ഷവൽക്കരണ പരിപാടിയാണ് വൃക്ഷസമൃദ്ധി പദ്ധതിയെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനേതര പ്രദേശത്തെ വനവൽക്കരണം, തൈകളുടെ അതിജീവനം മൂന്നുമുതൽ അഞ്ചുവർഷം വർഷം വരെ ഉറപ്പാക്കൽ, തദ്ദേശ ഭരണ സ്ഥാപനങ്ങളെ വൃക്ഷത്തൈ ഉൽപാദിപ്പിക്കുന്നതിന് പര്യാപ്തമാക്കാൽ പ്രദേശിക ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തൽ എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു.
ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് വൃക്ഷാവരണം എന്ന ലക്ഷ്യം കൈവരിക്കാനും, ഹരിതഗൃഹ വാതക സ്വാംശീകരണത്തോത് 40 മുതൽ 50 ശതമാനംവരെ ഉയർത്താനും പദ്ധതിയിലൂടെ സംസ്ഥാനത്തിന് സാധിക്കും. വൃക്ഷത്തൈ തുടർപരിപാലനത്തിലൂടെ എകേദശം 78 ലക്ഷം തൊഴിൽദിനങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പരിസ്ഥിതിപുനസ്ഥാപന കർമ്മപദ്ധതി പ്രഖ്യാപനവും സ്തുത്യർഹസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ 2020- 21 വർഷത്തെ ഫോറസ്റ്റ് മെഡലുകളുടെ വിതരണവും മന്ത്രി നിർവഹിച്ചു. വന ആവാസ വ്യവസ്ഥയുടെ പുനസ്ഥാപനം എന്നത്തേക്കാളുമേറെ പ്രാധാന്യമർഹിക്കുന്ന അവസരമാണ് ഇന്ന് ലോകം നേരിടുന്നതെന്ന് ചടങ്ങിൽ വൃക്ഷസമൃദ്ധി പദ്ധതി പ്രഖ്യാപനം ഓൺലൈനായി നിർവഹിച്ചുകൊണ്ട് തദ്ദേശ സ്വയം ഭരണ-ഗ്രാമ വികസന-എക്‌സൈസ് വകുപ്പു മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആഗോള താപനത്തിന് കാരണമാകുന്ന അന്തരീക്ഷത്തിലെ ഗ്രീൻ ഹൗസ് വാതകങ്ങളുടെ അളവ് കഴിഞ്ഞ 100 വർഷത്തിനുള്ളിൽ ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. ഇതിന് പരിഹാരമുറപ്പാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി നടപ്പാക്കുന്നതാണ് വൃക്ഷതൈകളുടെ അതിജീവനം ഉറപ്പാക്കിക്കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ വൃക്ഷവത്ക്കരണ പദ്ധതിയായ വൃക്ഷ സമൃദ്ധി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും വനം വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി ഗ്രീൻ ഹൗസ് വാതകങ്ങളുടെ അളവ് കുറയ്ക്കുന്നതിനും അതിന്റെ സ്വാംശീകരണം കൂടുതലായി നടത്തുക വഴി ഭൂമിക്കും പ്രകൃതിയ്ക്കും തണലാകുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കാനുള്ള അതിപ്രധാന ഇടപെടൽ കൂടിയാണ് പുതിയ പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ജില്ലയിലെ വനമിത്ര അവാർഡ് ജേതാവായ ലോ അക്കാദമിക്കുള്ള പുരസ്‌കാരം ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു സമ്മാനിച്ചു. വൃക്ഷസമൃദ്ധി പദ്ധതിയുടെ ധാരണാപത്രം സാമൂഹ്യവനവൽക്കരണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്റർ ഇ.പ്രദീപ് കുമാറും തൊഴിലുറപ്പ് പദ്ധതി കേരള മിഷൻ ഡയറക്ടർ ബി.അബ്ദുൾ നാസറും ഒപ്പിട്ട് പരസ്പരം കൈമാറി. മുഖ്യവനം മേധാവി പി.കെ.കേശവൻ ആമുഖപ്രഭാഷണം നടത്തി.അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്റർ പ്രമോദ് ജി കൃഷ്ണൻ വനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്റർമാരായ ഗംഗാസിംഗ്,നോയൽ തോമസ് തുടങ്ങിയവർ സംബന്ധിച്ചു.പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ(പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ്) ഡി.ജയപ്രസാദ് സ്വാഗതവും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഭരണം) ഡോ.പി.പുകഴേന്തി കൃതജ്ഞതയും പറഞ്ഞു.