ഒമാനിലെ ഏറ്റവും വലിയ ആയുർവേദ ചികിത്സാ കേന്ദ്രമായി കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി

മസ്‍കത്ത്: ഒമാനിലെ ഏറ്റവും മികച്ച ആയുർവേദ ചികിത്സാ കേന്ദ്രമായി മാറാനൊരുങ്ങി കോയമ്പത്തൂർ ആയുർവേദ സെന്റർ (സി.എ.സി). പ്രസിദ്ധമായ കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ ഒമാനിലെ അഞ്ചാമത്തെ ശാഖയാണ് 2022 മാർച്ച് 18ന് മബേലയിൽ പ്രവർത്തനം ആരംഭിച്ചത്.

ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്‍മെന്റ് വിഭാഗം ഡയറക്ടർ ജനറൽ ഡോ. മുഹന്ന നസീർ അൽ മുസ്‍ലഹി, ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്, കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി മാനേജിങ് ഡയറക്ടർ സി. ദേവിദാസ് വാരിയർ, കോയമ്പത്തൂർ ആയുർവേദ സെന്റർ മാനേജിങ് ഡയറക്ടർ ബാബു കോലോറ, സിഇഒ ബിജേഷ് കോലോറ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഫലപ്രദമായ ചികിത്സയും മരുന്നുകളും ലഭ്യമാക്കി ഒമാനിലെ ഏറ്റവും വലിയ ആയുർവേദ ചികിത്സാ കേന്ദ്രമായി കോയമ്പത്തൂർ ആയുർവേദ സെന്ററിനെ മാറ്റാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. അഞ്ചാം ശാഖയുടെ പ്രവർത്തനം തുടങ്ങിയത് കോയമ്പത്തൂർ ആയുർവേദ സെന്ററിന്റെ പുതിയൊരു അദ്ധ്യായത്തിന്റെ തുടക്കം മാത്രമാണെന്നും അവർ പറഞ്ഞു. ദീർഘകാല ചികിത്സകൾക്കായി കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രി തുടങ്ങാനും അടുത്ത അഞ്ച് വർഷത്തിനിടെ ഒമാനിൽ നാല് പുതിയ സെന്ററുകൾ കൂടി ആരംഭിക്കാനുമാണ് പദ്ധതിയിടുന്നത്.

14 വർഷം മുമ്പാണ് ഒമാനിൽ തങ്ങളുടെ പ്രവർത്തനം ആരംഭിച്ചതെന്ന് കോയമ്പത്തൂർ ആയുർവേദ സെന്റർ ഭാരവാഹികൾ പറഞ്ഞു. ഒമാന്റെ ‘വിഷൻ 2040’ന്റെ ഭാഗമായി ഏറ്റവും മികച്ച ജീവനക്കാരുടെ മേൽനോട്ടത്തിൽ സുരക്ഷിതവും ഫലപ്രദവുമായ മരുന്നുകൾ ഉപയോഗിച്ച് വീഴ്‍ചകളില്ലാത്ത മികച്ച സേവനം ഉറപ്പുവരുത്തും. ഒമാനിലെ ഏറ്റവും മികച്ച ആയുർവേദ ചികിത്സാ കേന്ദ്രമായി മാറാൻ കൂടി ലക്ഷ്യമിട്ടുള്ള പ്രവർത്തനമായിരിക്കും കോയമ്പത്തൂർ ആയുർവേദ സെന്റർ കാഴ്‍ചവെയ്‍ക്കുകയെന്ന് സി.ഇ.ഒ ബിജേഷ് കൊലോറ പറഞ്ഞു.

2008ൽ പ്രവർത്തനം ആരംഭിച്ച കോയമ്പത്തൂർ ആയുർവേദ സെന്ററാണ് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ ഒമാനിലെ ഒരേയൊരു അംഗീകൃത സെന്റർ. തുടക്ക കാലത്തിൽ നിന്ന് വ്യത്യസ്ഥമായി ഇപ്പോൾ ഗുരുതരമായ അസുഖങ്ങളുള്ളവർ പോലും തങ്ങളെ നേരിട്ട് സമീപിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രവാസികളും സ്വദേശികളുമടങ്ങുന്ന വലിയൊരു വിഭാഗത്തിന്‍റെ വിശ്വാസം, മികച്ച സേവനത്തിലൂടെ ആർജിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. ഗുരുതരമായ അസുഖങ്ങൾക്ക് പോലും ഫലപ്രദമായ ചികിത്സയിലൂടെ രോഗികകൾക്ക് ആശ്വാസം പകരാൻ ഈ കാലയളവിൽ സാധിച്ചതായും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →