നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ക്കുളള പുതിയ കരട്‌ മാര്‍ഗരേഖ യുജിസി പുറത്തിറക്കി

ന്യൂഡല്‍ഹി : 2022 അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്ന നാലുവര്‍ഷ ബിരുദ കോഴ്‌സുകളുടെ കരട്‌ മാര്‍ഗരേഖ സുജിസി പുറത്തിറക്കി.സയന്‍സ്‌-ആര്‍ട്‌സ്‌ വിഷയങ്ങള്‍ എന്ന വേര്‍തിരിവ്‌ ഇനി ബിരുദ കോഴ്‌സിന്‌ ഉണ്ടാവില്ല. വിദ്യാര്‍ത്ഥികളെ ബഹുമുഖ പ്രതിഭകളാക്കി വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി ശാസ്‌ത്ര,സാങ്കേതിക, ആട്‌സ്‌ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിശീലനം നല്‍കും. 90 ദിവസങ്ങള്‍ വീതമുളള എട്ടുസെമസ്റ്ററുകളാവും കോഴ്‌സിലുണ്ടാവുക.

ആദ്യ മൂന്നുസെമസ്‌റ്ററുകളില്‍ ഹ്യുമാനിറ്റീസ്‌ ,സോഷ്യല്‍ സയന്‍സ്‌, ഗണിതം,വൊക്കേഷണല്‍ എജ്യൂക്കേഷന്‍ എന്നിവയാണ്‌ പ്രധാന പഠന വിഷയങ്ങള്‍. ഈ സെസ്റ്ററുകളിലെ മാര്‍ക്കിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തിലാവും നാല്‌,അഞ്ച്‌,ആറ്‌ സെമസ്റ്ററുകളിലേക്കുളള പ്രധാന പാഠ്യ വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ തെരഞ്ഞെടുക്കാനാവുക. ഏതുവിഷയത്തിലാണോ വിദ്യാര്‍ത്ഥി പ്രധാന്യം (സ്‌പെഷലൈസേഷന്‍) നല്‍കുന്നത്‌ അതിലാണ്‌ ഏഴ്‌,എട്ട്‌ സെമസ്റ്ററുകളില്‍ ഗവേഷണം നടത്തേണ്ടത്‌.

ആദ്യവര്‍ഷ കോഴ്‌സ്‌ പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌, രണ്ടാം വര്‍ഷം ഡിപ്ലോമ, മൂന്നാം വര്‍ഷം ബിരുദം, നാലാം വര്‍ഷം ഓണേഴ്‌സ്‌ എന്നിങ്ങനെ ലഭിക്കും. അതായത്‌ പഠനത്തിന്റെ ഏതുകാലഘട്ടത്തിലും നിശ്ചിത ബിരുദത്തോടെ വിദ്യാര്‍ത്ഥിക്ക്‌ കോഴ്‌സ്‌ അവസാനിപ്പിക്കാന്‍ സാധിക്കും. രണ്ട്‌,നാല്‌ സെമസ്റ്ററുകളില്‍ വിദ്യാര്‍ത്ഥിക്ക്‌ ഇന്റേണ്‍ഷിപ്പ്‌ ചെയ്യാം. നൈപുണ്യ പഠനത്തിന്‌ പ്രാധാന്യം നല്‍കുന്നതിനാല്‍ പഠന ശേഷം ജോലി നേടുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക്‌ സാധിക്കും. ഡല്‍ഹി സര്‍വകലാശാലയില്‍ ഈ വര്‍ഷം മുതല്‍ കോഴ്‌സ്‌ ആരംഭിക്കും. കേന്ദ്രത്തിന്‌ കീഴിലുളള 90 സര്‍വകലാശാലകളും ഈ അദ്ധ്യയന വര്‍ഷം തന്നെ കോഴ്‌സ്‌ തുടങ്ങണമെന്ന്‌ യു.ജി.സി അറിയിച്ചു. കരട്‌ മാര്‍ഗരേഖയില്‍ ഏപ്രില്‍ നാലുവരെ പൊതുജനങ്ങള്‍ക്ക്‌ അഭിപ്രായം അറിയിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →