കോയമ്പത്തൂര്‍. യുപിഎസ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അമ്മയും രണ്ട് പെണ്‍മക്കളും മരിച്ചു.തുടിയല്ലൂരിനടുത്തുളള ഉറുമാണ്ടാംപാളയം ജോസ് ഗാര്‍ഡനില്‍ വിജയലക്ഷ്‌മി(50),മക്കളായ അര്‍ച്ചന(24),അഞ്‌ജലി(21) എന്നിവരാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന യുപിഎസ് പൊട്ടിത്തെറിച്ച് വീട്ടിനുളളില്‍ പുകനിറഞ്ഞതാണ് മരണകാരണമെന്നും സംഭവത്തില്‍ ദുരൂഹത ഇല്ലെന്നും പ്രാഥമിക പരിശോധനക്കുശേഷം പോലീസ് പറഞ്ഞു.
വീട്ടിനുളളില്‍ നിന്നും പുക വരുന്നത് കണ്ട അയല്‍ക്കാരും ബന്ധുക്കളും പോലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിക്കുകയായിരുന്നു. അധികൃതരെത്തി വാതില്‍ തകര്‍ത്ത് അകത്തുകടക്കുമ്പോഴേക്കും തീ കത്തി ത്തുടങ്ങിയിരുന്നു. തീ അണച്ചശേഷം നടത്തിയ പരിശോധനയില്‍ അമ്മയെയും ഒരു മകളെയും അടുക്കളയിലും മറ്റൊരു കുട്ടിയെ മുറിയിലും കണ്ടെത്തി. മൂന്നുപേരും മരിച്ചിരുന്നു. വീടിനകത്ത് കെട്ടിയിട്ടിരുന്ന നായയെയും ചത്തനിലയില്‍ കണ്ടെത്തി.
രണ്ടുവര്‍ഷം മുമ്പാണ് വിജയലക്ഷ്‌മിയുടെ ഭര്‍ത്താവ് ജ്യോതിലിംഗം മരിച്ചത്. അര്‍ച്ചന കോയമ്പത്തൂര്‍ ആര്‍.എസ് പുരത്ത് ഐടികമ്പനിയില്‍ ജീവനക്കാരിയും അഞ്‌ജലി സായി ബാബ കോളനിയില്‍ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയുമാണ്.