കണ്ണൂര്‍: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് മുന്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര നാട്ടുകാരെ ഏത്തമിടീച്ചത് തെറ്റായി പോയെന്നും പോലീസ് മേധാവിയുടെ വീഴ്‌ച പൊറുക്കണമെന്നും പോലീസ് റിപ്പോര്‍ട്ട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസ് രജിസറ്റര്‍ ചെയ്‌ത മനുഷ്യവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസിന് പറ്റിയ വീഴ്‌ച കണ്ണൂര്‍ ഡിഐജി സമ്മതിച്ചത്.ലോക്ക്‌ഡൗണ്‍ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സിവീകരിച്ചില്ലെങ്കില്‍ രോഗവ്യാപന സാധ്യത വര്‍ദ്ധിക്കുമെന്നതിനാല്‍ സദുദ്ദേശത്തോടെ ചെയ്‌തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 മാര്‍ച്ച് 22ന് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യതീഷ് ചന്ദ്ര വളപട്ടണത്തെ തയ്യല്‍ക്കടക്ക് സമീപം നിന്നവരെ ഏത്തമിടീച്ചത്. കൂട്ടംകൂടി നിന്നവരില്‍ പിരിഞ്ഞുപോകാതിരുന്ന മൂന്നു പേരെയാണ് ഏത്ത മിടീച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അധികം വൈകാതെ യതീഷ് ചന്ദ്ര സ്ഥലംമാറി പ്പോയി. നിയമ ലംഘനം കണ്ടെത്തി പോലീസ് ആക്ടില്‍ നിഷ്‌ക്കര്‍ഷിക്കുന്നതനുസരിച്ച് നിയമാനുസരണം നടപടി സ്വീകരിച്ചാല്‍ മതിയെന്നും നിയമം നടപ്പാക്കാന്‍ രാജ്യത്ത് കോടതികളുണ്ടെന്നും പോലീസിനോട് സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ അറിയിച്ചു.
ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ പോലീസ് സ്‌തുത്യര്‍ഹ സേവനം നടത്തിയെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ഉത്തരവില്‍ പറയുന്നു. എന്നാല്‍ നിയമ ലംഘകര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നതും സ്വയം നിയമം നടപ്പാക്കുന്നതും അനുവദിക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.