എസ് എഫ് ഐ ചെന്നായക്കൂട്ടങ്ങളെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി

തിരുവനന്തപുരം: ഒരു പെൺകുട്ടിയെ വളഞ്ഞിട്ട് തല്ലിയ എസ്എഫ്ഐ കൊലയാളിക്കൂട്ടങ്ങൾക്ക് അമ്മയും സഹോദരിയും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. എസ്എഫ്ഐ വിഷം വമിക്കുന്ന ഇവരിൽ നിന്ന് മനുഷ്യത്വം പ്രതീക്ഷിക്കുക വയ്യെന്നും എംപി ഫേസ്ബുക്കിൽ കുറിച്ചു. വടക്കേ ഇന്ത്യയിലെ ജാതിവെറി പൂണ്ട ഭ്രാന്തൻ ആൾക്കൂട്ടങ്ങളെ നാണിപ്പിക്കുന്നതാണ് പിണറായിയുടെ ചോരക്കൊതിയൻ എസ് എഫ് ഐ ചെന്നായക്കൂട്ടങ്ങളെന്ന് കൊടുക്കുന്നിൽ സുരേഷ് എംപി .2022 മാർച്ച് 15 ചൊവ്വാഴ്ച കോളേജ് തെരഞ്ഞെടുപ്പിന് ശേഷം രാത്രിയിൽ തിരുവനന്തപുരം ലോ കോളേജിൽ വനിതാ പ്രവർത്തക ഉൾപ്പെടെയുള്ളവരെ അതിക്രൂരമായി മർദ്ദിച്ച പശ്ചാത്തലത്തിലാണ് എംപിയുടെ പ്രതികരണം.

ലോകസമാധാനത്തിന് നികുതിപ്പണം കൊള്ളയടിക്കുന്ന പിണറായി വിജയൻ ആദ്യം കേരള ജനതയ്ക്ക് സമാധാനം നൽകേണ്ടത് എസ്എഫ്ഐ മൃഗങ്ങളിൽ നിന്നാണ്.കുറഞ്ഞ പക്ഷം പിണറായിയുടെ പൊലീസ് അല്ലാത്ത ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ കേരളാ പൊലീസിൽ ഉണ്ടെങ്കിൽ ഈ എസ്എഫ്ഐ ക്വട്ടേഷൻ ഗുണ്ടകളെ ഒരു പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ നിയമം അനുവദിക്കുന്ന എല്ലാ വകുപ്പുകളും ചേർത്ത് ജയിലിൽ എടുത്തെറിയാൻ ഉള്ള ചങ്കൂറ്റം കാട്ടണം. ഉള്ളിൽ ക്രിമിനൽ സ്വഭാവ വൈകൃതം ഉള്ള ഈ അക്രമികൾ വക്കീൽ കുപ്പായം ഇടാൻ ഒരിക്കലും അർഹരല്ല. അതുകൊണ്ട് തന്നെ ഇവരെ കോളേജിൽ നിന്ന് പുറത്താക്കണം.

സ്ത്രീപക്ഷ വാദം പറയുന്ന ഒരൊറ്റ ഇടത് സംസ്കാരിക “ബുദ്ധി ജീവികളും” ഈ വിഷയത്തിൽ പ്രതികരിച്ചു കണ്ടില്ല എന്നത് ഇവരുടെ നെറികേടും യജമാനന്റെ ഭിക്ഷക്കായുള്ള കാത്തിരിപ്പും വെളിവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തിരുവനന്തപുരം ലോ കോളേജിലെ എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കെ എസ് യുവും യൂത്ത് കോൺഗ്രസും പ്രതിഷേധം ശക്തിപ്പെടുത്തിയിരിക്കുകയാണ്. സംഘടനകൾ നടത്തിയ നിയമസഭാ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ ബാരിക്കേഡുകൾ തള്ളികയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു.

തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. ബാരിക്കേഡിൽ കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നാല് പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു. പെൺകുട്ടികൾ ഉൾപ്പടെ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തകർ എം ജി റോഡ് ഉപരോധിച്ചു. എംഎൽഎമാരായ ഷാഫി പറമ്പിൽ, റോജി എം ജോൺ, അൻവർ സാദത്ത്, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. പ്രവർത്തകർ പാളയത്ത് ഡിവൈഎഫ്ഐയുടെ ഫ്ലക്സ് ബോർഡുകൾ കീറി. ഇത് തടയാൻ പൊലീസ് ശ്രമിച്ചതും ഉന്തിലും തള്ളിലും കലാശിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഒരു മണിക്കൂറോളം പ്രതിഷേധം നീണ്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →