മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന പ്രത്യേക പരിശീലനം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള ജില്ലാ പഞ്ചായത്തിന്റെ എയിം 2022 പദ്ധതിക്ക് പോരൂര്‍ ജി.എച്ച്.എസ്.എസില്‍ തുടക്കം. പദ്ധതി അസിസ്റ്റന്റ് കലക്ടര്‍ സഫ്‌ന നസറുദ്ദിന്‍ ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ ഡിവിഷനിലെ അഞ്ച് ഹൈസ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത 260 കുട്ടികളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. അന്‍പതിനായിരം രൂപ ചെലവില്‍ ജില്ലാ പഞ്ചായത്തംഗം കെ.ടി അജ്മല്‍ സ്വന്തം നിലയിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം കുട്ടികള്‍ക്ക് താരതമ്യേന പ്രയാസമുള്ള ആറ് വിഷയങ്ങള്‍ വളരെ ലളിതമായി അവതരിപ്പിക്കുന്ന, ഒറ്റ പുസ്തകം തയ്യാറാക്കി വിതരണം ചെയ്തു. ഈ പുസ്തകം ഉപയോഗിച്ചുള്ള പരിശീലനം വരും ദിവസങ്ങളില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും, കുട്ടികളുടെ താമസസ്ഥലം കേന്ദ്രീകരിച്ചുള്ള കോര്‍ണര്‍ ക്ലാസുകള്‍ നടത്തിയും കുട്ടികളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം കെ.ടി അജ്മല്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ കെ.ശിവ പ്രസാദ് പദ്ധതി വിശദീകരിച്ചു. പോരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുഹമ്മദ് ബഷീര്‍, ബ്ലോക്കാംഗം വി. ശിവശങ്കരന്‍, വാര്‍ഡംഘം കെ പി ഭാഗ്യലക്ഷ്മി, പി.ടി.എ പ്രസിഡന്റ് വി.പി സുലൈമാന്‍, ഹെഡ്മാസ്റ്റര്‍ എ. സി രാമകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ എന്‍.ശാന്തകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.