ആലപ്പുഴ: പീക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും ഇതിനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എറ്റെടുക്കാനും എല്ലാവരും തയ്യാറാകണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കെ.എസ്.ഇ.ബി. എസ്.എല്‍ പുരം ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍- സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം ഓൺലൈനിൽ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ഉപകരണങ്ങളുടെ പ്രവര്‍ത്തന സമയം ക്രമപ്പെടുത്തുന്നതിലൂടെ വൈകുന്നേരം ആറു മുതല്‍ 11 വരെയുള്ള പീക് സമയത്തെ ഗാര്‍ഹിക വൈദ്യുതി ഉപഭോഗം കുറയ്ക്കണം. പീക് സമയത്തെ വൈദ്യുതി ആവശ്യകത കുറഞ്ഞാല്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതും അതിലൂടെ വൈദ്യുതി നിരക്കും കുറയ്ക്കാന്‍ സാധിക്കും.
ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ച് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് അവസാനമായി വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് 2019 ജൂലൈ എട്ടിനാണ്. ഈ വര്‍ഷം വൈദ്യുതി നിരക്കില്‍ പരിഷ്‌കരണം അത്യന്താപേക്ഷിതമായി വന്നിരിക്കുന്നു.
പകല്‍ സമയത്ത് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനായാല്‍ പകല്‍ സമയത്തെ നിരക്ക് കുറയ്ക്കാനും പീക് ടൈമില്‍ ചെറിയ തോതില്‍ വര്‍ധിപ്പിക്കുന്നതിനും മറ്റു സമയങ്ങളില്‍ സാധാരണ നിരക്ക് തുടരുന്നതിനും കഴിയും. അതായത് പത്തു മണിക്കൂര്‍ കുറഞ്ഞ നിരക്കിലും പത്തു മണിക്കൂര്‍ സാധാരണ നിരക്കിലും നാലു മണിക്കൂര്‍ മാത്രം കൂടിയ നിരക്കിലും വൈദ്യുതി ലഭ്യമാക്കാനാകും.
സംസ്ഥാനത്തിന്റെ വൈദ്യൂതി ആവശ്യകതയില്‍ 30 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. വൈകുന്നേരം ആറു മുതല്‍ 11 വരെ പുറത്തുനിന്ന് വലിയ നിരക്കില്‍ വൈദ്യുതി വാങ്ങുകയാണ്. പീക് സമയത്തെ വൈദ്യുതി ആവശ്യം നിറവേറ്റാന്‍ ഈ വര്‍ഷംതന്നെ 148 മെഗാവാട്ടിന്റെ ജലവൈദ്യുത നിലയങ്ങള്‍ കമ്മീഷന്‍ ചെയ്യും. ഇടുക്കി, മൂഴിയാര്‍ പദ്ധതികളുടെ രണ്ടാം ഘട്ടങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നു.
ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ കെ.എസ്.ഇ.ബി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. വാതില്‍പ്പടി സേവനം എല്ലാ സെക്ഷന്‍ ഓഫീസുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളോടുള്ള ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി വിപുലമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും- മന്ത്രി പറഞ്ഞു.
പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എംപി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുദര്‍ശനഭായി, പഞ്ചായത്ത് അംഗം അളപ്പന്തറ രവീന്ദ്രന്‍, കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി അശോക്, ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് ഐ.ടി ഡയറക്ടര്‍ എസ്. രാജ് കുമാര്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ആര്‍. ആര്‍. ബിജു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

