ജനീവ: ലാബുകളില്‍ സൂക്ഷിച്ച അപകടകാരികളായ രോഗാണുക്കളെ നശിപ്പിച്ച് കളയാന്‍ യുക്രൈന്, ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ.) നിര്‍ദേശം.യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ ലാബുകള്‍ തകര്‍ന്ന് രോഗാണുക്കള്‍ പുറത്തുവരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണു നിര്‍ദേശം. ലാബുകളിലെ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ വര്‍ഷങ്ങളായി ഡബ്ല്യു.എച്ച്.ഒ, യുക്രൈനുമായി സഹകരിക്കുന്നുണ്ട്. അതിന്റെ ഭാഗമായി, യുക്രൈന് ആരോഗ്യ മന്ത്രാലയത്തിനും മറ്റും അപകടകാരികളായ രോഗാണുക്കളെ നശിപ്പിച്ച് കളയാന്‍ നിര്‍ദേശം നല്‍കിയതായി ഡബ്ല്യു.എച്ച്.ഒ. അറിയിച്ചു. എപ്പോഴാണ് നിര്‍ദേശം നല്കിയതെന്നോ യുക്രൈനിലെ ലാബുകളില്‍ സൂക്ഷിച്ചിരിക്കുന്ന രോഗാണുക്കളെ കുറിച്ചോ ഡബ്ല്യു.എച്ച്.ഒ. വ്യക്തമാക്കിയിട്ടില്ല. മറ്റു പല രാജ്യങ്ങളെയും പോലെ, യുക്രൈനിലെ ലാബുകളിലും കോവിഡ് ഉള്‍പ്പെടെ മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന അപകടകരമായ രോഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. പരീക്ഷണങ്ങള്‍ക്ക് യു.എസ്, യൂറോപ്യന്‍ യൂണിയന്, ഡബ്ല്യു.എച്ച്.ഒ. എന്നിവയുടെ പിന്തുണയുമുണ്ട്. യു.എസിന്റെ പിന്തുണയോടെ യുക്രൈന് ജൈവായുധ പരീക്ഷണങ്ങള്‍ നടത്തുകയാണെന്നു റഷ്യ ആരോപിച്ചിരുന്നു.
അപകടകാരികളായ രോഗാണുക്കളെ നശിപ്പിച്ച് കളയാന്‍ യുക്രൈന്, ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം
