ന്യൂ ഡല്‍ഹി : നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ എംഡി ചിത്ര രാമകൃഷ്‌ണക്ക് മെയില്‍ അയച്ചിരുന്ന അജ്ഞാതനായ ഹിമാലയന്‍ യോഗി ആനന്ദ് സുബ്രമണ്യനാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇയാള്‍ ചിത്രയുടെ ഉപദേശകനായിരുന്നു. രാജ്യത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന് പിന്നിലെ യോഗി ഇയാളായിരുന്നു. ആനന്ദിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി പരിഗണിച്ചപ്പോഴാണ് സിബിഐ ഇക്കാര്യം ആദ്യമായി സ്ഥിരീകരിച്ചത്. ജാമ്യാപേക്ഷയില്‍ കോടതി മാര്‍ച്ച് 24ന് വിധിപറയും .
യോഗിയുടെ ഇ-മെയില്‍ വിലാസമായ(emailprotected) സൃഷ്ടിച്ചത് ആനന്ദ് തന്നെയെന്ന് സിബിഐ കണ്ടെത്തി. emailprotected എന്ന ആനന്ദിന്റെ തന്നെ മറ്റൊരു ഇ-മെയില്‍ വിലാസവുമായി ഇത് ബന്ധിപ്പിച്ചിരുന്നു. തെളിവ് നശിപ്പിക്കാനായി ആനന്ദ് ചില മെയിലുകള്‍ ഡിലീറ്റ് ചെയ്‌തിരുന്നതായും വ്യക്തമായി. നികുതി വെട്ടിപ്പുകാരുടെ നിക്ഷേപ കേന്ദ്രമായ സെയ്‌ഷല്‍സ്, മൗറീഷ്യസ് എന്നിവിടങ്ങളില്‍ ആനന്ദും ചിത്രയും പോയിരുന്നത് സംബന്ധിച്ച അന്വേഷണം നടത്തണമെന്നും സിബിഐ കോടതിയില്‍ അറിയിച്ചു.

