തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തെ ചെറുക്കാനും നഷ്ടപരിഹാരത്തിനുമായി സംസ്ഥാന ബജറ്റില്‍ 25 കോടി നീക്കിവെച്ചു. ഇതിൽ ഏഴ് കോടി രൂപ വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചവർക്കാണ്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രഖ്യാപനത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്.
മരച്ചീനിയിൽ നിന്ന് എഥനോൾ ഉൽപാദിപ്പിക്കുന്നതിനായി രണ്ട് കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കാനാണ് മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. തിരുവനന്തപുരത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനായിരിക്കും ഇതിന്റെ മേല്‍നോട്ടച്ചുമതല. ചക്ക ഉത്പനങ്ങൾക്ക് പിന്തുണ നൽകുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
മൂല്യവർധിക കാർഷിക മിഷനും അഞ്ച് കോടി വകയിരുത്തിയിട്ടുണ്ട്. ഏഴ് ജില്ലകളിലായി അഗ്രി ടെക് ഫെസിലിറ്റി സെന്റര്‍ വരും. ഇതിനായി 175 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക ഉൽപ്പന്നങ്ങളുടെ വിപണത്തിന് പുതിയ മാർക്കറ്റിംഗ് കമ്പനി രൂപപ്പെടുത്തും ഇതിനായി 100 കോടി രൂപ വകയിരുത്തി. മൂല്യവർധിത ഉത്പന്ന വിപണനത്തിനും കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനും 100 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.