ന്യൂയോര്‍ക്ക്: പ്രമുഖ അമേരിക്കന്‍ ദിനപത്രം ദി ന്യൂയോര്‍ക്ക് ടൈംസ് റഷ്യയിലുള്ള മുഴുവന്‍ ലേഖകന്‍മാരെയും തിരികെ വിളിച്ചു. ഒരു നൂറ്റാണ്ടിനിടെ ആദ്യമായാണ് പത്രത്തിനു റഷ്യയില്‍ ഒരു പ്രതിനിധി പോലും ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നത്.മോസ്‌കോയിലെ ന്യൂയോര്‍ക്ക് ടൈംസിന്റെ ചരിത്രത്തില്‍ വളരെ സങ്കടകരമായ ദിവസം. അതിന്റെ എല്ലാ ലേഖകരെയും രാജ്യത്തിനു പുറത്തേക്ക് തിരികെ വിളിച്ചിരിക്കുന്നു. 1921 മുതല്‍ തുടര്‍ച്ചയായി ഞങ്ങള്‍ക്ക് അവിടെ ലേഖകന്‍മാരുണ്ടായിരുന്നു. വിസ തടസങ്ങള്‍ കാരണം ഒന്നോ രണ്ടോ ചെറിയ ഇടവേളകളില്‍ അവിടെ ലേഖകന്‍മാര്‍ ഉണ്ടാകാതിരുന്നിട്ടുണ്ട്. സ്റ്റാലിന്റെ കാലത്തോ ശീതയുദ്ധ സമയത്തോ ഒന്നും ഞങ്ങളെ പുറത്താക്കിയിട്ടുമില്ല” പത്രത്തിന്റെ മോസ്‌കോ ബ്യൂറോ മുന്‍ മേധാവി നീല്‍ മക്ഫാര്‍ഖര്‍ ട്വീറ്റ് ചെയ്തു. യുക്രൈനില്‍ റഷ്യനടത്തുന്ന അധിനിവേശത്തെ ”യുദ്ധം” എന്നു വിശേഷിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് റഷ്യ അറിയച്ചതോടെയാണ് ന്യൂയോര്‍ക്ക് ടൈംസ് തങ്ങളുടെ മുഴുവന്‍ ലേഖകന്‍മാരെയും രാജ്യത്തു നിന്നു ഔദ്യോഗികമായി തിരികെ വിളിച്ചത്.റഷ്യയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ എഡിറ്റോറിയല്‍ ജീവനക്കാരുടെ സുരക്ഷയെ കരുതിയാണ് എല്ലാവരോടും എത്രയും വേഗം രാജ്യത്തിനു പുറത്തുകടക്കാന്‍ നിര്‍ദേശം നല്‍കിയതെന്നു പത്രത്തിന്റെ വക്താവ് ഡാനിയേല്‍ റോഡ്‌സ് ഹാ പറഞ്ഞു.