ദലിത് എന്‍ജിനീയറെ കൊലപ്പെടുത്തിയ കേസില്‍ 10 പേര്‍ക്കു ജീവപര്യന്തം ശിക്ഷ

മധുര: ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ദലിത് വിഭാഗക്കാരനായ എന്‍ജിനീയറെ കൊലപ്പെടുത്തിയ കേസില്‍ മധുരയിലെ പ്രത്യേക കോടതി 10 പേര്‍ക്കു ജീവപര്യന്തം ശിക്ഷവിധിച്ചു. പ്രധാന പ്രതി യുവരാജിന് മൂന്നുതവണ ജീവപര്യന്തം ലഭിച്ചപ്പോള്‍, അഞ്ച് പേര്‍ക്ക് രണ്ടുവട്ടം ജീവപര്യന്തം കിട്ടി. 2015ല്‍ ആണ് ദലിത് സമുദായാംഗമായ ഗോഗുല്‍രാജിനെ കൊലപ്പെടുത്തിയത്. സൃഹൃത്തുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ അമ്പലത്തില്‍നിന്ന് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം നാമക്കല്‍ ജില്ലയിലെ റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെടുത്തു. കേസിന്റെ വിചാരണവേളയില്‍ പ്രധാനസാക്ഷിയും ഗോഗുലിന്റെ അടുപ്പക്കാരിയുമായ പെണ്‍കുട്ടി കൂറുമാറി. പക്ഷേ സി.സി.ടിവി ദൃശ്യങ്ങള്‍ തെളിവായി. റെയില്‍വേ ട്രാക്കില്‍ എത്തുംമുമ്പ് ഗോഗുല്‍രാജ് മരിച്ചതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍. ആദ്യം തട്ടിക്കൊണ്ടുപോകലിനും സംശയാസ്പദമായ മരണത്തിനുമാണ് പോലീസ് കേസെടുത്തത്. പ്രേമബന്ധം തകര്‍ന്നതിന്റെ സൂചന നല്‍കുന്ന ഒരു കുറിപ്പ് ഗോകുലിന്റെ പോക്കറ്റില്‍ നിന്നു കണ്ടെത്തിയിരുന്നു.

എന്നാല്‍, ഉന്നത ജാതിയിലുള്ള പെണ്‍കുട്ടിയുമായുള്ള അടുപ്പം കാരണം കൊന്നതാണെന്ന് എന്‍ജിനീയറുടെ മാതാപിതാക്കള്‍ ആരോപിച്ചു. കൊലക്കുറ്റത്തിനു കേസെടുത്തില്ലെങ്കില്‍ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും കുടുംബം നിലപാടെടുത്തു. തുടര്‍ന്നാണ് നാമക്കല്‍ പോലീസ് കൊലക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണവുമായി മുന്നോട്ടു നീങ്ങിയത്. വിചാരണാ വേളയില്‍ അഞ്ചു പ്രതികളെ കഴിഞ്ഞയാഴ്ച വെറുതെവിട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →