ദില്ലി: ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. ആന്റണി മാറുമ്പോൾ പകരം ആരെന്ന് ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് കോൺഗ്രസിനു മുന്നിലെ വെല്ലുവിളി. ഇനി മത്സരിക്കാനില്ലെന്ന തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചെന്നും ഇതുവരെ നൽകിയ അവസരങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് നന്ദിയുണ്ടെന്നും ആന്‍റണി അറിയിച്ചു. ആന്റണിക്ക് പകരക്കാരനെ കണ്ടെത്താൻ കെപിസിസി ശ്രമം തുടങ്ങി.
മുൻ കേന്ദ്രമന്ത്രിയും മുൻ കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ, ഇടത് ചേരി വിട്ട് കോൺഗ്രസിലേക്ക് എത്തിയ ചെറിയാൻ ഫിലിപ്പ്, വി ടി ബൽറാം തുടങ്ങിയ പേരുകൾ സജീവമാണ്. കേരളം അടക്കം ആറു സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് 2022 മാർച്ച് 31ന് നടക്കും. മാർച്ച് 14ന് വിജ്ഞാപനം ഇറങ്ങും.
മാർച്ച് 21ന് നാമനിർദേശ പത്രിക സമർപ്പിക്കാം. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശർമ ഉൾപ്പെടെ 13 പേർ കാലാവധി പൂർത്തിയാക്കി ഒഴിയുന്നതിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ നിന്ന് മൂന്ന് എംപിമാരെ തെരഞ്ഞെടുക്കും. കെ.സോമപ്രസാദ്, എം.വി.ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധി അവസാനിക്കും