വടക്കാഞ്ചേരി : പാലക്കാട് അകത്തേത്തറ ഉമ്മിനിയില്‍ നിന്ന് അകമല വെറ്റിനറി ക്ലിനിക്കില്‍ ചികിത്സക്കെത്തിച്ച പുലിക്കുഞ്ഞ് ചത്തു. മലബന്ധവും പനിയുമാണ് മരണത്തിന് വഴിവെച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ഉമ്മിനി ജനവാസ മേഖലയില്‍ നിന്നാണ് രണ്ടാഴ്‌ചമാത്രം പ്രായമുളള പുലിക്കുഞ്ഞിനെ കണ്ടെത്തിയത്. 2022 ജനുവരി 13 നായിരുന്നു അകമല ക്ലിനിക്കില്‍ എത്തിച്ചത്.
ഉമ്മിനിയില്‍ കണ്ടെത്തിയ രണ്ടുപുലിക്കുഞ്ഞുങ്ങളില്‍ ഒന്നിലെ തളളപ്പുലി തിരികെ കൊണ്ടുപോയിരുന്നു. ഡോ. ഡേവിസ് എബ്രാഹമിന്റെ നേതൃത്വത്തിലാണ് കുഞ്ഞിനെ പരിചരിച്ചുവന്നത്. എന്നാല്‍ കഴിഞ്ഞ വെളളിയാഴ്‌ച മുതല്‍ പുലിക്കുഞ്ഞ് ആഹാരം കഴിക്കാതെയായി. ഉടന്‍ തന്നെ പരിശോധനകള്‍ നടത്തി. മലബന്ധം വരുന്നതായും കുടലില്‍ നിന്ന് രക്തം വന്നുതുടങ്ങിയിരുന്നതായും പരിശോധനയില്‍ കണ്ടെത്തിയതായും ഡോക്ടര്‍ പറഞ്ഞു. ഞായറാഴ്‌ച ഉച്ചക്ക് 2.45നാണ് പുലിക്കുട്ടി ചത്തത്. തൃശൂര്‍ ഡിഎഫ്‌ഒ യുടെ സാന്നിദ്ധ്യത്തില്‍ പോസ്‌റ്റ് മോര്‍ട്ടം നടത്തിയശേഷം സംസ്‌ക്കരിക്കും.