പത്തനംതിട്ട: പുതിയ മൂന്നു പോലീസ് സ്റ്റേഷനുകളുടെയും കണ്‍ട്രോള്‍ റൂമിന്റെയും ശിലാസ്ഥാപനം മാർച്ച് 6ന്

പത്തനംതിട്ട: ജില്ലയിലെ മൂഴിയാര്‍, പുളിക്കീഴ്, വനിതാ പോലീസ് സ്‌റ്റേഷന്‍ എന്നിവയുടെയും പത്തനംതിട്ട പോലീസ് കണ്‍ട്രോള്‍ റൂമിന്റെയും പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നാളെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉച്ചയ്ക്ക് 12 ന് ശിലാസ്ഥാപനം നിര്‍വഹിക്കും. മൂഴിയാര്‍ പോലീസ് സ്റ്റേഷന്‍ തറക്കല്ലിടല്‍ ചടങ്ങില്‍  കോന്നി എംഎല്‍എ  കെ.യു. ജനീഷ് കുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി  മുഖ്യാതിഥിയാകും.

ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ സാന്നിധ്യത്തില്‍ കോന്നി ഡി വൈഎസ് പി.കെ. ബൈജുകുമാര്‍ സ്വാഗതവും  മൂഴിയാര്‍ എസ്എച്ച്ഒ കെ.എസ്. ഗോപകുമാര്‍ നന്ദിയും പറയും. ആങ്ങമൂഴി കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം സര്‍ക്കാര്‍ അനുവദിച്ച 22 സെന്റ് സ്ഥലത്താണ് പുതിയ മൂഴിയാര്‍ പോലീസ് സ്റ്റേഷന്‍ നിര്‍മിക്കുന്നത്. ജില്ലാ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

പുളിക്കീഴ് പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആലുംതുരുത്തി മുത്താരമ്മന്‍ കോവിലിനു എതിര്‍വശത്തുള്ള വസ്തുവിലാണ് നടക്കുക. തിരുവല്ല- മാവേലിക്കര ഹൈവേയില്‍ ആലുംതുരുത്തി പഴയ ചന്ത ജംഗ്ഷനില്‍ നിന്നും കിഴക്കോട്ട് കീച്ചേരി വാല്‍ക്കടവിലേക്കുള്ള റോഡില്‍ 200 മീറ്റര്‍ കിഴക്ക് റോഡിനു വടക്കായി സ്ഥിതി ചെയ്യുന്ന വസ്തുവാണ് നിര്‍മാണത്തിനായി ലഭ്യമാക്കിയത്.

ഓണ്‍ലൈന്‍ ആയി ശിലാസ്ഥാപനം നടക്കുന്ന ചടങ്ങില്‍  അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാവും. തിരുവല്ല ഡിവൈഎസ്പി ടി. രാജപ്പന്‍ സ്വാഗതം പറയും. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. പുളിക്കീഴ് എസ്എച്ച്ഒ എ.ഡി. ബിജു നന്ദി പറയും.

വനിതാ പോലീസ് സ്റ്റേഷന്‍, പത്തനംതിട്ട പോലീസ് കണ്‍ട്രോള്‍ റൂം എന്നിവയുടെ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം ജില്ലാ സായുധ ക്യാമ്പ് ആസ്ഥാനത്ത് നടക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാവുന്ന ഓണ്‍ലൈന്‍ ചടങ്ങില്‍  ആന്റോ ആന്റണി എംപി മുഖ്യാതിഥിയാവും. ഡിഐജി ആര്‍. നിഷാന്തിനി മുഖ്യ പ്രഭാഷണം നടത്തും.

ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ സ്വാഗതം പറയും. മുനിസില്‍പ്പല്‍ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, വാര്‍ഡ് അംഗം റോസ്‌ലിന്‍ സന്തോഷ്, പത്തനംതിട്ട ഡിവൈഎസ് പി.കെ. സജീവ്,  പോലീസ് സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും. വനിതാ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എ.ആര്‍. ലീലാമ്മ നന്ദി പറയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →