പത്തനംതിട്ട: അടൂർ നഗരസഭയിലെ വനിത ക്ലാർക്കിനെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കൗൺസിലർക്കെതിരെ പരാതി. സിപിഎം കൗൺസിലറായ ഷാജഹാനെതിരെയാണ് ജീവനക്കാരി പരാതി നൽകിയത്. പരാതി നഗരസഭ സെക്രട്ടറി പൊലീസിന് കൈമാറി. എന്നാൽ പൊലീസ് ഇതുവരെ പരാതിയിൽ നടപടി എടുത്തിട്ടില്ല
നഗരസഭയിലെ വനിത ജീവനക്കാരിയുടെ പരാതി പ്രകാരം ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. കൗൺസിലർ ഷാജഹാന്റെ വാർഡിലെ ചില വികസന പ്രവർത്തനങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങളാണ് ജീവനക്കാരിയെ മർദ്ദിക്കാൻ കാരണം. കൗൺസിലർ മുന്നോട്ട് വച്ച ചില നിർദേശങ്ങൾ മുനിസിപ്പൽ ചട്ടം പ്രകരം നടപ്പിലാക്കാൻ നിയമ തടസങ്ങളുണ്ടെന്ന് ജീവനക്കാരി അറിയിച്ചു. ഇതിൽ പ്രകോപിതനായ ഷാജഹാൻ ക്ലർക്കിനെ അസഭ്യംയുകയും തുടർന്ന് മർദ്ദിക്കുകയും ആയിരുന്നു. .
സംഭവം നടന്നതിന് പിന്നാലെ തന്നെ ജീവനക്കാരി നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. തെഴിലിടത്തിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനേയും സമീപിച്ചു. എന്നാൽ ജീവനക്കാരിക്ക് അനുകൂലമായ നടപടി ഉണ്ടായില്ല. ഏഴ് ദിവസങ്ങൾക്ക് ശേഷം മാത്രമാണ് നഗരസഭ സെക്രട്ടറി പൊലീസിന് പരാതി കൈമാറിയത്. സിപിഎം ജില്ലാ നേതാക്കളുടെ അടുപ്പക്കാരനായ കൗൺസിലറെ പാർട്ടി സംരക്ഷിക്കുന്നെന്നും ആക്ഷേപമുണ്ട്.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കേണ്ട കുറ്റങ്ങൾ പരാതിയിലുണ്ടായിട്ടും മൊഴി എടുക്കുകയല്ലാതെ മറ്റ് നടപടികൾ ഉണ്ടായില്ലെന്നാണ് പരാതിക്കാരി പറയുന്നത്. ഇതിനിടയിൽ ജീവനക്കാരി അംഗമായ ഇടത് സർവീസ് സംഘടനയുടെ നേതാക്കളും പരാതി പിൻവലിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്. അടൂർ നഗരസഭയിലെ എൽഡിഎഫ് ധാരണപ്രകാരം അടുത്ത ടേമിൽ ചെയർമാനാകേണ്ട ആളാണ് ആരോപണ വിധേയനായ കൗൺസിലർ ഷാജഹാൻ

