പത്തനംതിട്ട: വിദ്യാര്‍ഥികള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: വിദ്യാര്‍ഥികള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു. വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചുവര്‍ ചിത്ര രചന മത്സരത്തിലെ വിജയികള്‍ക്ക് കളക്ടറേറ്റില്‍ സമ്മാനദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുക എന്ന ക്യാമ്പയിന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാണ് മത്സരം സംഘടിപ്പിച്ചത്. കോഴഞ്ചേരി ഗവണ്‍മെന്റ് സ്‌കൂളില്‍ നടന്ന മത്സരത്തില്‍ നിരവധി കോളജ് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കുള്ള സമ്മാനമാണ് ജില്ലാ കളക്ടര്‍ വിതരണം ചെയ്തത്.  

പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ മീനു ഗോപാലകൃഷ്ണന്‍, റീസ സൂസന്‍ റോയി, എ. അരവിന്ദ് എന്നിവര്‍ക്ക് ഒന്നാം സമ്മാനവും കോന്നി വി.എന്‍.എസ് കോളജിലെ എംകോം വിദ്യാര്‍ഥിനികളായ ലക്ഷ്മി.ആര്‍.നായര്‍, ഹരിജ ഹരികുമാര്‍, സ്നേഹ മോള്‍ എന്നിവര്‍ക്ക്  രണ്ടാം സമ്മാനവും അടൂര്‍ സെന്റ് സിറില്‍സിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ എ. അജിത്തിന് മൂന്നാം സമ്മാനവും ലഭിച്ചു. സ്ത്രീധനം, ഗാര്‍ഹികപീഡനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു ചുവര്‍ചിത്ര രചനാ മത്സരം സംഘടിപ്പിച്ചത്. പരിപാടിയില്‍ വനിത സംരക്ഷണ ഓഫീസര്‍ എച്ച്. താഹിറബീവി, മഹിള ശക്തി കേന്ദ്രം വെല്‍ഫെയര്‍ ഓഫീസര്‍ കെ.എം. ദേവിക, കോ-ഓര്‍ഡിനേറ്റര്‍ ജ്യോതിമോള്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →