ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സ്ഥാനവും മാനേജിങ് ഡയറക്ടര്‍ സ്ഥാനവും നിരസിച്ച് മെഹ്മത് ഇല്‍കര്‍ എയ്സി. സ്ഥാനം ഏറ്റെടുക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് എയ്സിയുടെ പുതിയ പ്രഖ്യാപനം. ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ ചന്ദ്രശേഖരനുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയില്‍ താന്‍ സ്ഥാനമൊഴിയുകയാണെന്ന് ഖേദപൂര്‍വം അറിയിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ‘പ്രൊഫഷനല്‍ എത്തിക്സിന് എല്ലായ്പ്പോഴും മുന്‍ഗണന നല്‍കുന്ന ബിസിനസ് നേതാവ് എന്ന നിലയിലും എല്ലാറ്റിനുമുപരിയായി, എന്റെ കുടുംബത്തിന്റെ സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി ഈ സ്ഥാനം സ്വീകരിക്കുന്നത് പ്രായോഗികമോ മാന്യമായതോ ആയ തീരുമാനമായിരിക്കില്ലെന്ന നിഗമനത്തിലാണെത്തിയിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.