ഇന്ത്യ യുക്രൈനെ സഹായിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ .131 മലയാളികളെ ഇതുവരെ യുക്രൈനിൽ നിന്ന് നാട്ടിലെത്തിച്ചു

ദില്ലി: റഷ്യൻ ആക്രമണത്തിൽ തകർന്ന യുക്രൈനെ ഇന്ത്യ സഹായിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. മരുന്നുൾപ്പടെയുള്ള സഹായങ്ങൾ എത്തിച്ചു നൽകാനൊരുങ്ങുകയാണ് ഇന്ത്യ. യുക്രൈന്റെ അഭ്യർഥന പ്രകാരമാണ് ഇന്ത്യ സഹായം നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് നടപടി.

അതേസമയം സമാധാനത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യുക്രൈന്റെ തലസ്ഥാനമായ കീവിൽ വീണ്ടും സ്ഫോടനങ്ങൾ നടന്നു. പോരാട്ടം നിർത്തണമെന്നാണ് യുഎൻ ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്ര സഭ ഇന്ന് വിളിച്ചു ചേർത്ത പ്രത്യേക സെഷനിൽ റഷ്യയുടെയും യുക്രൈന്റെയും അംബാസഡർമാർ തമ്മിൽ രൂക്ഷമായ ആരോപണ-പ്രത്യാരോപണങ്ങൾ നടന്നു. ചർച്ചകൾ മൂന്നാം റൗണ്ടിലേക്ക് കടന്നു. 131 മലയാളികളെ ഇതുവരെ യുക്രൈനിൽ നിന്ന് നാട്ടിലെത്തിച്ചു. സമാധാന ശ്രമങ്ങളുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി സംസാരിച്ചു.

യുദ്ധം അവസാനിപ്പിക്കണമെങ്കിൽ യുക്രൈൻ ആയുധം താഴെ വെക്കണമെന്നും ക്രിമിയയിൽ റഷ്യയുടെ പരമാധികാരം അംഗീകരിക്കണം എന്നുമാണ് ഫ്രഞ്ച് പ്രസിഡന്റിന് മുന്നിൽ വ്ലാഡിമർ പുടിൻ വെച്ചിരിക്കുന്ന നിബന്ധനകൾ. യുക്രൈൻ – റഷ്യ അടുത്ത വട്ട ചർച്ചകൾ പോളണ്ട് – ബാലറൂസ് അതിർത്തിയിൽ നടന്നേക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം യൂറോപ്യൻ യൂണിയൻ അംഗത്വത്തിനു വേണ്ടിയുള്ള അപേക്ഷയിൽ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി ഒപ്പുവെച്ചു.

റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ 11-ാമത് അടിയന്തര പ്രത്യേക സമ്മേളനം ആരംഭിച്ചു. എല്ലാകക്ഷികളും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ചർച്ച ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നയതന്ത്രവും ചർച്ചകളുമാണ് പുലരേണ്ടതെന്നും യു.എൻ. സമ്മേളനം പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →