കീവ് : റഷ്യൻ അധിനിവേശത്തിൽ തിരിച്ചടി നൽകുന്നതായി യുക്രൈൻ സർക്കാർ. ഇതുവരെ 4,300 റഷ്യൻ സൈനികരെ വധിച്ചെന്നും 146 സൈനിക ടാങ്കുകൾ തകർത്തെന്നും യുക്രൈൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നു.റഷ്യക്കെതിരെ പ്രതിരോധം തീർക്കാൻ സൈന്യത്തിനും ആയുധധാരികളായ ജനതയ്ക്കും ഒപ്പം വിദേശികളെക്കൂടി അണിനിരത്താനാണു യുക്രൈന്റെ തീരുമാനമെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
സന്നദ്ധരായ വിദേശികളെ ഉൾപ്പെടുത്തി ‘രാജ്യാന്തരസേന’ രൂപീകരിക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്കി പറഞ്ഞു. ‘ഈ യുദ്ധവേളയിൽ ഞങ്ങളുടെ രാജ്യത്തെ നിങ്ങൾ പിന്തുണയ്ക്കുന്നു എന്നതിന്റെ സുപ്രധാന തെളിവാണിത്’ എന്ന് സെലെൻസ്കി പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
യുക്രൈനിൽ റഷ്യൻ ആക്രമണം ശക്തമായ നഗരങ്ങളിൽ സൈനികമുന്നേറ്റം തടയാൻ ജനങ്ങൾ ആയുധമെടുത്തിരിക്കുകയാണ്. തെരുവുയുദ്ധത്തിനായി 18,000 തോക്കുകളാണ്, പോരാടാൻ സന്നദ്ധരായ സാധാരണക്കാർക്കു കഴിഞ്ഞ ദിവസം നൽകിയത്. പെട്രോൾ ബോംബ് ഉണ്ടാക്കാൻ യുക്രൈൻ സർക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്തു. ബോംബ് ഉണ്ടാക്കേണ്ടത് എങ്ങനെയെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

