ചർച്ച നടത്താൻ തയാറെന്ന് റഷ്യ, ആക്രമണം നിർത്തിയാൽ മാത്രം ചർച്ചയെന്ന് യുക്രൈൻ

മോസ്കോ: യുക്രൈനുമായി ചർച്ച നടത്താൻ തയാറെന്ന് അറിയിച്ച് റഷ്യ. ബെലാറൂസിൽവച്ചു ചർച്ച നടത്താമെന്നാണു റഷ്യയുടെ നിലപാട്. ചർച്ചയ്ക്കായി റഷ്യൻ സംഘം ബെലാറൂസിലെത്തി. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിന്റെ പ്രതിനിധികളും സംഘത്തിലുണ്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണം നിർത്തിവച്ചാൽ ചർച്ചയ്ക്കു തയാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പറഞ്ഞു. ബെലാറൂസ് വഴി യുക്രൈൻ ആക്രമണം നേരിടുമ്പോൾ ചർച്ച സാധ്യമാകില്ല. മറ്റേതെങ്കിലും രാജ്യത്തു ചർച്ച നടത്തണം. കഴിഞ്ഞ രാത്രി കനത്ത ആക്രമണമുണ്ടായി. സിവിലിയൻ മേഖലകൾ ആക്രമിച്ചു. ആംബുലൻസുകൾക്കു നേരെ വെടിയുതിർത്തതായും സെലൻസ്‌കി വ്യക്തമാക്കി.

അതേസമയം, റഷ്യൻ അധിനിവേശത്തിൽ തിരിച്ചടി നൽകുന്നതായി യുക്രൈൻ സർക്കാർ. ഇതുവരെ 4,300 റഷ്യൻ സൈനികരെ വധിച്ചെന്നും 146 സൈനിക ടാങ്കുകൾ തകർത്തെന്നും യുക്രൈൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നു.റഷ്യക്കെതിരെ പ്രതിരോധം തീർക്കാൻ സൈന്യത്തിനും ആയുധധാരികളായ ജനതയ്ക്കും ഒപ്പം വിദേശികളെക്കൂടി അണിനിരത്താനാണു യുക്രൈന്റെ തീരുമാനമെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Share
അഭിപ്രായം എഴുതാം