പോളിയോ മരുന്ന് വിതരണ സംസ്ഥാന തല ഉദ്ഘാടനം ആരോഗ്യ മന്ത്രി നിര്‍വഹിച്ചു

പത്തനംതിട്ട: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും മാതൃ ശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ ആശുപത്രികളേയും മാതൃ ശിശു സൗഹൃദമാക്കി മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. മാതൃ, ശിശു മരണനിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി പ്രത്യേക ഇടപെടലുകള്‍ നടത്തും. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുവാനുള്ള ഇടപെടലുകളുമായി മുന്നോട്ട് പോകും. കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ പുതിയ ബ്ലോക്കിന് കിഫ്ബിയുടെ 30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ ആശുപത്രി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബിയില്‍ നിന്ന് 564 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കോവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്യേണ്ടത്.

കേരളത്തില്‍ രണ്ടായിരത്തിനു ശേഷം പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. പോളിയോ രോഗം കാരണം കുട്ടികളിലുണ്ടാകുന്ന അംഗവൈകല്യം തടയേണ്ടത് അനിവാര്യമാണ്. അതിനാല്‍ തന്നെ അഞ്ചു വയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കണം. കേരളത്തിലെ അഞ്ചു വയസുവരെയുള്ള 24,36,298 കുട്ടികള്‍ക്ക് ഈ ദിനത്തില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് നല്‍കുകയാണ് ലക്ഷ്യം. ഇതിനായി 24,614 ബൂത്തുകള്‍ പ്രവര്‍ത്തിക്കും.

ജില്ലയില്‍ അഞ്ച് വയസ് വരെയുള്ള 65,444 കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ഇതിനായി മൊബൈല്‍ ബൂത്തുകളും, ട്രാന്‍സിറ്റ് ബൂത്തുകളും ഉള്‍പ്പെടെ 998 പോളിയോ വിതരണ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആദ്യ പോളിയോ തുള്ളിമരുന്ന് ആരോഗ്യ വകുപ്പ് മന്ത്രി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ മകന്‍ മല്‍ഹാറിനു നല്‍കി പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഉദ്ഘാടനം ചെയ്തു.

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ ദിവ്യ. എസ്. അയ്യര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ ടീച്ചര്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ജോണ്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇന്ദിരാദേവി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി ലാലു, ഗ്രാമ പഞ്ചായത്ത്ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിതാ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സാറാമ്മ ഷാജന്‍, പഞ്ചായത്ത് അംഗങ്ങളായ ഗീതു മുരളി, ബിജിലി പി ഈശോ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍ അനിത കുമാരി, കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എസ് പ്രതിഭ, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സന്ദീപ്, സ്റ്റേറ്റ് മാസ് എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എന്‍. അജയ്, ആര്‍ സി എച്ച് ഓഫീസര്‍ ആര്‍.സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →