കോട്ടയം: പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിക്കുന്ന പനയ്ക്കപ്പാലം സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം ഫെബ്രുവരി 26ന് വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും.
ഇതോടനുബന്ധിച്ച് പനയ്ക്കപ്പാലം മാവേലി സൂപ്പർ സ്റ്റോർ അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പുതിയ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിക്കും. തലപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് ആദ്യവില്പന നടത്തും. ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചുറാണി ജെയ്സൺ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ആൻഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. സഞ്ജീബ് പട്ജോഷി സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ്. റാണി നന്ദിയും പറയും.
പാലാ സപ്ലൈകോ ഡിപ്പോയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറാണ് പനയ്ക്കപ്പാലത്തേക്ക് മാറ്റി മാവേലി സൂപ്പർ സ്റ്റോറാക്കിയത്. ഉപഭോക്താക്കൾക്ക് ഒരേസമയത്ത് നോൺ സബ്സിഡി സാധനങ്ങൾ സ്വയം തെരഞ്ഞടുക്കാം. വിശാലമായ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്.