തിരുവനന്തപുരം: സംസ്ഥാനത്ത് മേഖലകൾ തിരിച്ചുള്ള സാങ്കേതികവിദ്യാധിഷ്ഠിത ഉച്ചകോടികൾ സംഘടിപ്പിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ ( കെഎസ് യുഎം) കേരള ഐടി പാർക്കുകളുമായി കൈകോർക്കുന്നു. നവീന സാങ്കേതികവിദ്യാ രംഗത്ത് നൂതന ആശയങ്ങളും പ്രതിവിധികളുമായി വരുന്ന ടെക്നോളജി സ്റ്റാർട്ടപ്പുകളേയും ടെക്നോളജി സമൂഹത്തേയും ആകർഷിക്കുകയാണ് ലക്ഷ്യം.
കെഎസ് യുഎം സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് സംരംഭകരുടെ ദ്വിദിന വെർച്വൽ ഉച്ചകോടിയായ ‘ഹഡിൽ ഗ്ലോബൽ 2022’ ൻറെ സമാപനത്തിലാണ് ഈ തീരുമാനം. ബ്ലോക്ചെയിൻ ഉച്ചകോടിയും ഗ്രീൻ ഇന്നൊവേഷൻ ഫണ്ടിന്റെ ഡെമോ ഡേയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. കേരളത്തിലെ ഐടി പാർക്കുകളുടേയും കേരള ബ്ലോക്ചെയിൻ അക്കാദമിയുടേയും സഹകരണത്തോടെ നടന്ന ബ്ലോക്ചെയിൻ ഉച്ചകോടിയിൽ നിരവധി വിദഗ്ധർ പങ്കെടുത്തു.
ആധുനിക യുഗത്തിൽ ടെക്നോളജി ഉച്ചകോടിയുടെ പ്രാധാന്യം മനസ്സിലാക്കിയാണ് സഹകരണത്തിനുള്ള തീരുമാനം എടുത്തതെന്ന് കേരള സ്റ്റാർട്ടഅപ്പ് മിഷൻ സിഇഒ ജോൺ എം തോമസ് പറഞ്ഞു. നവീന സാങ്കേതിവിദ്യാ മേഖലയിൽ നൂതനാശയങ്ങളുമായി മുന്നേറാൻ ടെക്നോളജി സമൂഹത്തിനും സ്റ്റാർട്ടപ്പുകൾക്കും ഇത് ഉത്തേജനമേകും. പ്രശ്ന കേന്ദ്രീകൃത പ്രതിവിധികളും നവീന സാങ്കേതികവിദ്യയുമായുള്ള അന്തരം നികത്താൻ സഹകരണം സഹായകമാകും. തലസ്ഥാന നഗരിയിലെ നിർദ്ദിഷ്ട ‘എമേർജിംഗ് ടെക്നോളജീസ് സ്റ്റാർട്ടപ്പ് ഹബ്’ എല്ലാ നൂതന സാങ്കേതികവിദ്യാധിഷ്ഠിത പ്രതിവിധികളുടേയും കേന്ദ്രമായിരിക്കുമെന്നും കേരള ഐടി പാർക്കുകളുടെ സിഇഒ കൂടിയായ അദ്ദേഹം വ്യക്തമാക്കി.
കൊവിഡാനന്തര കാലഘട്ടത്തിലെ സ്റ്റാർട്ടപ്പുകൾക്കുള്ള നിക്ഷേപ-പങ്കാളിത്ത-ബിസിനസ് അവസരങ്ങളായിരുന്നു രാജ്യത്തെ സ്റ്റാർട്ടപ്പ് സംരംഭകരുടെ ഏറ്റവും വലിയ സമ്മേളനമായ ഹഡിൽ ഗ്ലോബലിൻറെ മൂന്നാം പതിപ്പിന്റെ പ്രമേയം. ലോകശ്രദ്ധ നേടിയ സ്റ്റാർട്ടപ് സ്ഥാപകർ, വിദഗ്ദ്ധർ, നയകർത്താക്കൾ, മാർഗനിർദേശകർ, നിക്ഷേപകർ എന്നിവരും സർക്കാർ വകുപ്പുകളുടെ പ്രതിനിധികളുമടക്കം സ്റ്റാർട്ടപ്പ് മേഖലയിലെ ആഗോള പ്രമുഖർ പങ്കെടുത്ത സമ്മേളനം സ്റ്റാർട്ടപ്പ് അന്തരീക്ഷവുമായി ബന്ധപ്പെട്ട ആഗോള കാഴ്ചപ്പാടുകൾ ചർച്ച ചെയ്തു. മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരത്തിനു പുറമേ സ്റ്റാർട്ടപ്പുകൾക്ക് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനും അവസരം ലഭിച്ചു.
ധനകാര്യമേഖലയിലെ സാങ്കേതികവിദ്യാധിഷ്ഠിത പ്രതിവിധികളുമായി മുന്നോട്ടുവരുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിന് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ് കെഎസ് യുഎമ്മിന്റെ സഹകരണത്തോടെ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ ഫിൻടെക് ആക്സിലറേറ്ററും ഫിനിഷിംഗ് സ്കൂളും ഹഡിൽ ഗ്ലോബലിന്‍റെ ആദ്യ ദിനമായ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഗൂഗിൾ ഫോർ സ്റ്റാർട്ടപ്പ്സ്, ഹാബിറ്റാറ്റ്, ജെട്രോ, ഗ്ലോബൽ ആക്സിലറേറ്റർ നെറ്റ്വർക്ക്, ഐ ഹബ് ഗുജറാത്ത്, നാസ്കോം, സിഎസ്എൽ എന്നിവയുമായി കെഎസ് യുഎം ധാരണാപത്രങ്ങൾ ഒപ്പിടുകയും ചെയ്തു. രണ്ടായിരത്തിൽപരം ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന വെബ് പ്ലാറ്റ്ഫോമിലായിരുന്നു ഉച്ചകോടി. കേരള സ്റ്റാർട്ടപ്പ് മിഷനാണ് ഈ അതിനൂതന പ്ലാറ്റ്ഫോം വികസിപ്പിച്ചത്