എറണാകുളം: കുടിവെള്ള പ്രശ്ന പരിഹാരത്തിനും മാലിന്യനിര്‍മാര്‍ജനത്തിനും ഊന്നല്‍ നല്‍കി കവളങ്ങാട് പഞ്ചായത്ത്

എറണാകുളം: കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന നേര്യമംഗലം ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കവളങ്ങാട്. ഇടുക്കി ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന ഈ ഗ്രാമം പ്രകൃതിഭംഗിയാല്‍ സമ്പന്നമാണ്. നിലവില്‍ ഈ പഞ്ചായത്തിന് നേതൃത്വം കൊടുക്കുന്നത് സൈജന്റ് ചാക്കോയാണ്. പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റിന്റെ വാക്കുകളിലൂടെ…

കുടിവെള്ള പദ്ധതി വലിയ അജണ്ട

കവളങ്ങാട് പഞ്ചായത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കുടിവെള്ളക്ഷാമമാണ്. ഈ പ്രശ്നം പരിഹരിക്കാന്‍ പുതിയ ഭരണസമിതി ബൃഹത്തായ പദ്ധതിയാണ് ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ജല ജീവന്‍ മിഷനില്‍( ജെ.ജെ.എം) ഉള്‍പ്പെടുത്തി ആവോലിച്ചാല്‍ മുതല്‍ നേര്യമംഗലം വരെയുള്ള പമ്പിങ് മെയിന്‍ ലൈന്‍ പുനസ്ഥാപിച്ചു. രണ്ടു കോടി രൂപയുടെ പദ്ധതിയായിരുന്നു അത്. 

കൂടാതെ ജല ജീവന്‍ മിഷന്‍ വഴി തന്നെ 35 കോടിയുടെ പുതിയ പദ്ധതിക്കും അംഗീകാരമായിട്ടുണ്ട്. ഇതില്‍ 15 ശതമാനം പഞ്ചായത്ത് മുടക്കേണ്ട തുകയാണ്. പഞ്ചായത്തിലെ 6,450 കുടുംബങ്ങള്‍ക്കു കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണിത്. വില്ലാംചിറയിലും കൊട്ടാരംമുടിയിലും രണ്ട് ടാങ്കുകള്‍ പുതുതായി സ്ഥാപിക്കും. ഒപ്പം അവശേഷിക്കുന്ന പമ്പിങ് ലൈനുകള്‍ നവീകരിക്കും. പുതിയ ലൈനുകള്‍ വേണ്ടിടത്ത് സ്ഥാപിക്കും. ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ശേഷിയും വര്‍ധിപ്പിക്കും. അതുവഴി പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും എല്ലാ ദിവസവും വെള്ളം ലഭ്യമാക്കാനാകും. നിലവില്‍ ഈ പദ്ധതിക്കും ടെന്‍ഡര്‍ ആയിട്ടുണ്ട്.  

മാലിന്യമുക്തമാക്കണം പഞ്ചായത്തിനെ

വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഇടുക്കി ജില്ലയോട് അതിര്‍ത്തി പങ്കിട്ട്, ഒരു കവാടമെന്നോണം സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് കവളങ്ങാട്. അതുകൊണ്ടുതന്നെ നിരവധി ടൂറിസ്റ്റുകളാണ് ഈ പഞ്ചായത്ത് വഴി കടന്നുപോകുന്നത്. മാലിന്യ പ്രശ്‌നവും ഇതോടൊപ്പം ഉണ്ടാകുന്നുണ്ട്. അതിനാല്‍ മാലിന്യസംസ്‌കരണത്തിന് പ്രത്യേക പരിഗണനയാണ് പഞ്ചായത്ത് കൊടുക്കുന്നത്. നിലവില്‍ ഹരിത കര്‍മ്മസേന സജീവമായി രംഗത്തുണ്ട്. 36 പേരടങ്ങുന്ന കുടുംബശ്രീ അംഗങ്ങളാണ് ഹരിത കര്‍മ്മസേനയില്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ എല്ലാ വാര്‍ഡുകളില്‍ നിന്നും അജൈവ മാലിന്യം ശേഖരിച്ചു വരുന്നു. മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ രണ്ടാം വാര്‍ഡിലാണ് പ്രവര്‍ത്തിക്കുന്നത്. മാലിന്യങ്ങള്‍ അവിടെ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ഇനി എല്ലാ വാര്‍ഡുകളിലും പ്രധാന ജംഗ്ഷനുകളിലും മിനി എം.സി.എഫ് (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) ആരംഭിക്കും. മാലിന്യം സംഭരിക്കുന്നതിന് പ്രത്യേക രൂപകല്‍പന ചെയ്ത വാഹനത്തിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്, അതു വൈകാതെ ലഭ്യമാകും.

ടൂറിസത്തില്‍ വലിയ സാധ്യതകള്‍

ടൂറിസത്തിനു വലിയ സാധ്യതകളുള്ള പഞ്ചായത്താണ് കവളങ്ങാട്. അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാണു ശ്രമം. പഞ്ചായത്തിലെ ടൂറിസം സാധ്യതകളെ ഉള്‍പ്പെടുത്തി ഒരു വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആലിവീണകുത്തില്‍ (വെള്ളച്ചാട്ടം) തലക്കോട് ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന് അതിരപ്പിള്ളിക്ക് സമാനമായി ഒരു പദ്ധതി നടപ്പിലാക്കും. കൂടാതെ നേര്യമംഗലത്ത് ആന്റണി ജോണ്‍ എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ച് ബോട്ട് ജെട്ടി നിര്‍മ്മിക്കുന്നുണ്ട്. അതോടനുബന്ധിച്ച് പെരിയാറിന്റെ തീരത്ത് ബാക്കി സൗകര്യങ്ങളെല്ലാം ഗ്രാമപഞ്ചായത്ത് ഒരുക്കും. ആലുവ-മൂന്നാര്‍ റോഡിലൂടെ മൂന്നാറില്‍ നിന്ന് നേര്യമംഗത്തിനു വരുന്ന ടൂറിസ്റ്റുകള്‍ക്ക് പെരിയാറിന്റെ തീരത്തിറങ്ങി പുഴമാര്‍ഗം ഭൂതത്താന്‍കെട്ടില്‍ എത്തിച്ചേരാന്‍ കഴിയുന്ന പദ്ധതിയാണു വിഭാവനം ചെയ്തിരിക്കുന്നത്. 

തരിശുരഹിത പഞ്ചായത്താകാന്‍ പരിശ്രമം തുടരുന്നു

കൃഷിക്ക് വലിയ പിന്തുണയാണ് പഞ്ചായത്ത് നല്‍കുന്നത്. തരിശുരഹിത പഞ്ചായത്തായി കവളങ്ങാടിനെ മാറ്റുക എന്നതാണ് ലക്ഷ്യം. പഞ്ചായത്ത് പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ഉപയോഗശൂന്യമായി കിടന്ന ഭൂമിയില്‍ കൃഷിയിറക്കാനായി.  ചെമ്പന്‍കുഴി മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ഏക്കര്‍ കണക്കിന് സ്ഥലമാണ് നിഷ്‌ക്രിയമായി കിടന്നത്. വനംവകുപ്പുമായി സഹകരിച്ച് പഞ്ചായത്ത് നേരിട്ട്, പച്ചക്കറികൃഷി ഉള്‍പ്പെടെ ഇവിടെ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ വിളവെടുക്കാറായി വരുന്നു.

കാര്‍ഷികവിളകളുടെ വിപണനത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആഴ്ചച്ചന്തകള്‍ നടത്തുന്നുണ്ട്. വിത്തും വളവും നല്‍കുന്ന പദ്ധതിയും, തെങ്ങിന്‍ തൈ, വാഴത്തൈ, ഫലവൃക്ഷത്തൈ, പച്ചക്കറിത്തൈ തുടങ്ങിയവ വിതരണം ചെയ്യുന്ന പദ്ധതിയും പുരോഗമിക്കുകയാണ്. അര്‍ഹതയുള്ളവര്‍ക്ക് കോഴി, ആട്, കറവപ്പശു, പാലിന് സബ്സിഡി തുടങ്ങിയ സഹായങ്ങള്‍ പഞ്ചായത്ത് നല്‍കുന്നുണ്ട്. മൃഗാശുപത്രിയില്‍ പുതുതായി ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജമാക്കിയിട്ടുണ്ട്. തെരുവുനായശല്യം നിയന്ത്രിക്കുന്നതിനായി വന്ധ്യംകരണം നടത്താനുള്ള സൗകര്യവും സജ്ജമാണ്.

കോവിഡ് വാക്സിനേഷന്‍ 
നൂറ് ശതമാനം പൂര്‍ത്തിയായി

കോവിഡുമായി ബന്ധപ്പെട്ട് മുഴുവന്‍ വാര്‍ഡുകളിലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിങ് സംവിധാനം പഞ്ചായത്ത് ഒരുക്കി. റാപിഡ് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങളെ കൃത്യമായ രീതിയില്‍ ഏകോപിപ്പിച്ചു. കോവിഡ് ലക്ഷണമുള്ളവര്‍ക്കു പരിശോധനയ്ക്കു പോകാനും തിരികെ വരാനും വാഹനസൗകര്യം ഒരുക്കി. കോവിഡ് പോസിറ്റീവായി വീട്ടില്‍ കഴിയുന്നവര്‍ക്ക് മരുന്നും ഭക്ഷണവും കൃത്യമായി എത്തിച്ചുനല്‍കി. രണ്ട് ഡി.സി.സികള്‍ (ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍) പഞ്ചായത്തില്‍ ആരംഭിച്ചു. ലോക്ഡൗണ്‍ സമയത്ത് പഞ്ചായത്ത് പരിധില്‍ ആരും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശ്യത്തോടെ ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി.

കോവിഡ് വാക്സിനേഷന്‍ നിലവില്‍ നൂറ് ശതമാനം പഞ്ചായത്തില്‍ പൂര്‍ത്തിയായി. കുട്ടികളുടെ ഒന്നാം ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി. രണ്ടാം ഡോസ് വൈകാതെ ലഭ്യമാക്കും. 

പഞ്ചായത്തില്‍ ഒരു ഹോമിയോ ആശുപത്രിയും ആയുര്‍വേദ ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനത്തിന് എല്ലാവിധ പിന്തുണയും പഞ്ചായത്ത് നല്‍കിവരുന്നു. ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. രണ്ടു മാസത്തിനകം അതു പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്ന് നല്‍കും. രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി 25 ലക്ഷം രൂപയാണ് പഞ്ചായത്ത് അതിനായി വകയിരുത്തിയിരിക്കുന്നത്. ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തിക്കുന്നത് നെല്ലിമറ്റത്താണ്. അവിടേക്കാവശ്യമായ മരുന്നും മറ്റ് സൗകര്യങ്ങളും പഞ്ചായത്ത് ലഭ്യമാക്കുന്നുണ്ട്. 

എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യം 

ലൈഫ് മിഷന്റെ പ്രവര്‍ത്തനവും പഞ്ചായത്തില്‍ നല്ലരീതിയില്‍ പുരോഗമിക്കുന്നു. എസ്.സി, ജനറല്‍ വിഭാഗത്തിലായി ഇതുവരെ നൂറ്റിയമ്പതിലധികം കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചു. നിലവില്‍ 1,065  പുതിയ അപേക്ഷകള്‍ വന്നിട്ടുണ്ട്. അതിന്റെ സര്‍വേ പൂര്‍ത്തിയാക്കി പുതിയ ലിസ്റ്റിന് വേണ്ടി കൊടുത്തിരിക്കുകയാണ്. പഞ്ചായത്തിലെ പരമാവധി ആളുകള്‍ക്ക് വീടും സ്ഥലവും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. 

ഹൈമാസ്റ്റ് ലൈറ്റുകളും തെരുവ് വിളക്കുകളും 

പുതിയ ഭരണസമിതി വരുമ്പോള്‍ പഞ്ചായത്തിലെ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകള്‍ എല്ലാം തന്നെ പ്രവര്‍ത്തനരഹിതമായിരുന്നു. പുതിയ ഭരണസമിതി അതെല്ലാം പ്രവര്‍ത്തനക്ഷമമാക്കി. അതിനു പുറമെ ഒരു വാര്‍ഡില്‍ 30 എണ്ണം വീതം, 540 തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. ഇനി 270 ലൈറ്റുകള്‍ വരുന്ന ആഴ്ച സ്ഥാപിക്കും. 

വാതക ശ്മശാനം

പഞ്ചായത്തിന്റെ ഒരു അഭിമാന പദ്ധതിയാണ് നേര്യമംഗലത്തെ വാതക ശ്മശാനം. നിലവില്‍ പദ്ധതിക്ക് അനുമതിയായിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റിലെ 45 ലക്ഷം രൂപ അതിനായി ചെലവഴിക്കും. 

അടുത്ത ഊന്നല്‍ ഊന്നുകല്‍ സ്റ്റേഡിയത്തിന്

ഇനിയുള്ള പ്രധാന പദ്ധതി ഊന്നുകല്‍ സ്റ്റേഡിയം നവീകരണമാണ്. അതിനായി വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. സ്റ്റേഡിയത്തില്‍ ആധുനികരീതിയിലുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കുകയാണു ലക്ഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →