മലപ്പുറം: കേരളത്തിലെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് വാതില്‍പ്പടി സേവനം നല്‍കുന്ന ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം വേങ്ങരയിലും വിജയകരമായി പുരോഗമിക്കുന്നു. വേങ്ങര ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളിലുമായി 32 പേരാണ് ഹരിതകര്‍മസേനയില്‍ അംഗങ്ങളായിട്ടുള്ളത്. ഈ സംഘം വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കും. വീടുകളില്‍ നിന്നു 50 രൂപയും സ്ഥാപനങ്ങളില്‍ നിന്നു 100 രൂപയുമാണ് ഉപഭോകൃത ഫീസായി ഈടാക്കുന്നത്.
പഞ്ചായത്തിനെ നാലുഭാഗമാക്കിയാണ് മാലിന്യശേഖരണം. ശേഖരിക്കുന്ന മാലിന്യങ്ങള്‍ വേങ്ങര ഗാന്ധിദാസ് പടിയിലെ മാലിന്യശേഖരണ കേന്ദ്രത്തില്‍ എത്തിക്കും. 3500 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ കേന്ദ്രത്തില്‍ നിന്നും മാലിന്യങ്ങള്‍ സംസ്‌കരണത്തിനായി ഗ്രീന്‍ വേംസ് എന്ന കമ്പനിയുടെ പ്രതിനിധികള്‍ കൊണ്ടുപോകുകയും ചെയ്യും. ഇത്തരത്തില്‍ ഓരോ മാസവും പഞ്ചായത്തിലെ മാലിന്യങ്ങളെല്ലാം സംസ്‌ക്കരിക്കപ്പെടുന്നു. പഞ്ചായത്തിലെ 60 ശതമാനം വീടുകളും പദ്ധതിയോടു സഹകരിച്ചതായി ഹരിതകര്‍മസേന വേങ്ങര നോഡല്‍ ഓഫീസറും അസിസ്റ്റന്റ് സെക്രട്ടറിയുമായ ജാസ്മിന്‍ പറഞ്ഞു.
ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ശുചിത്വമിഷന്‍ ഒരുലക്ഷം രൂപയും പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും 2,50,000 രൂപയും നീക്കിവച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും തരംമാറ്റുന്നതിനുമായി ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ക്ക് വയബിലിറ്റി ഗ്യാപ് ഫണ്ടില്‍ നിന്നും ഉപഭോക്താക്കള്‍ നല്‍കുന്ന യൂസര്‍ ഫീയില്‍ നിന്നുമായി നിലവില്‍ പ്രതിദിനം 350 രൂപയാണ് നല്‍കുന്നത്. ഇതുവരെ ഗാര്‍ഹിക മാലിന്യങ്ങള്‍ ശേഖരിച്ചവകയില്‍ രണ്ടുലക്ഷത്തിലധികം രൂപയും മാലിന്യങ്ങള്‍ വിറ്റതുവഴി 7000 രൂപയും ലഭിച്ചതായും നോഡല്‍ ഓഫീസര്‍ പറഞ്ഞു. ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ക്കുള്ള യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡുകള്‍, കയ്യുറകള്‍ എന്നിവ കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പഞ്ചായത്ത് ഓഫീസില്‍ വച്ച് വിതരണം ചെയ്തിരുന്നു.
ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കിയ പദ്ധതിയാണ് ഹരിതകര്‍മസേന. വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് പഞ്ചായത്തുതലത്തില്‍ സംസ്‌കരിക്കുകയാണ് ഈ പദ്ധതിയില്‍. കുടുംബശ്രീയുമായി സഹകരിച്ചാണ് ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം.

