ലഖ്നൗ: പുതിയ ക്യാപ്റ്റനു കീഴില്‍ തുടര്‍വിജയം സ്വപ്നം കണ്ട് ടീം ഇന്ത്യ. ശ്രീലങ്കയ്ക്കെതിരായ മൂന്നു മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്കു നാളെ തുടക്കം. ലഖ്നൗവിലെ അടല്‍ ബിഹാരി വാജ്പേയ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണു മത്സരം. ശനി, ഞായര്‍ ദിവസങ്ങളിലായി ധര്‍മശാലയിലാണ് പരമ്പരയിലെ ശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍.ക്യാപ്റ്റന്‍ പദവിയില്‍ വിരാട് കോഹ്ലിയുടെ പിന്‍ഗാമിയായ രോഹിത് ശര്‍മയുടെ കീഴില്‍ തുടര്‍ച്ചയായ നാലാം പരമ്പരവിജയം സ്വപ്നംകണ്ടാണ് നീലപ്പടയിറങ്ങുന്നത്. ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയും വെസ്റ്റിന്‍ഡീസിനെതിരേ ഏകദിന, ടി-20 പരമ്പരയും തൂത്തുവാരിയാണു ഹിറ്റ്മാന് വരവറിയിച്ചത്. ലങ്കയ്ക്കെതിരേ ആദ്യമത്സരം നടക്കുന്ന ലഖ്നൗവിലും വിജയത്തുടര്‍ച്ച നിലനിര്‍ത്താമെന്നാണു ടീം ഇന്ത്യയുടെ പ്രതീക്ഷ.വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന് സഞ്ജു സാംസണ് അവസാന ഇലവനില്‍ ഇടംപിടിക്കുമോയെന്നാണു മലയാളി ആരാധകര്‍ ഉറ്റുനോക്കുന്നത്. ഋഷഭ് പന്തിന് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ വിക്കറ്റ് കീപ്പറായി സഞ്ജു ടീമിലുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിലേതുപോലെ ഇഷാന് കിഷന് ബാറ്ററായി മാത്രമാകും പരിഗണിക്കപ്പെടാന്‍ സാധ്യത. കോഹ്ലിയുടെ അസാന്നിധ്യത്തില്‍ വണ്‍ഡൗണ്‍ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനും സഞ്ജു തന്നെ.
മധ്യനിരയില്‍ ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവുമുണ്ടാകും. ഓള്‍റൗണ്ടര്‍മാരുടെ ഗണത്തില്‍ വെങ്കിടേഷ് അയ്യര്‍ക്കൊപ്പം പരുക്കുമാറി ടീമിലെത്തിയ രവീന്ദ്ര ജഡേജ ഇടംപിടിക്കും. സ്പിന്‍വിഭാഗത്തില്‍ യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ക്കു മാത്രമാകും നറുക്ക്. ഉപപനായകപദവിയിലെത്തിയ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള പേസ് ബാറ്ററിക്ക് ഭുവനേശ്വര്‍ കുമാറിന്റെ അനുഭവപരിചയവും ഹര്‍ഷല്‍ പട്ടേലിന്റെ വൈവിധ്യവും ഊര്‍ജം പകരും.ടി-20 ലോകകപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ അനുയോജ്യമായ ടീമിനെ കണ്ടെത്തുകയെന്ന ദൗത്യം കോച്ച് രാഹുല്‍ ദ്രാവിഡിനു മുന്നിലുണ്ട്. ലങ്കയ്ക്കെതിരായ പരമ്പരയിലെ യുവതാര സാന്നിധ്യം കരുത്തുറ്റ ടീം കോമ്പിനേഷനെ കണ്ടെത്തുകയെന്ന ലക്ഷ്യത്തിനു പിന്നിലുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര 1-4 നു കൈവിട്ടതിന്റെ ക്ഷീണത്തിലാണു ദാസുന്‍ ശനകയുടെ ക്യാപ്റ്റന്‍സിയില്‍ ലങ്കന്‍ പട ഇന്ത്യയില്‍ വിമാനമിറങ്ങുന്നത്. ഓസീസ് മണ്ണിലേറ്റ തിരിച്ചടിയുടെ നാണക്കേട് കഴുകിക്കളയുകയെന്നതാകും ലങ്കന്‍ നിരയുടെ ദൗത്യം. ഇന്ത്യക്കെതിരായ ട്വന്റി-20യിലെ കണക്കുകള്‍ പക്ഷേ, ശ്രീലങ്കയ്ക്കെതിരാണ്. ഇതുവരെ കളിച്ച 22-ല്‍ 14-ലും ജയം ഇന്ത്യക്കായിരുന്നു. ഏഴെണ്ണത്തില്‍ മാത്രമാണ് ലങ്കയുടെ ജയം.

